ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ നാളെ വിധി
1452748
Thursday, September 12, 2024 6:00 AM IST
കൊല്ലം: ഓയൂരിലെ ഓട്ടുമലയില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. പ്രതികളായ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര് പത്മകുമാര്‍, ഭാര്യ എം.ആര്. അനിതാകുമാരി എന്നിവരുടെ ജാമ്യാപേക്ഷയിലാണ് അഡിഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് വിധി പറയുക.
മൂന്നാം പ്രതിയും പത്മകുമാറിന്റെ മകളുമായ അനുപമയ്ക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഹൈക്കോടതിയില്‍ നിന്നു ജാമ്യം ലഭിച്ച മൂന്നാം പ്രതിയായ മകള്‍ അനുപമ ഒറ്റയ്ക്കാണെന്നും, മകളെ നോക്കാനായി ജാമ്യം വേണമെന്നുമാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്.
ഈ കാരണത്താല്‍ ജാമ്യം കൊടുക്കേണ്ടതില്ലെന്നും പഠനാവശ്യത്തിനായി മൂന്നാം പ്രതിക്കു ജാമ്യം നല്കിയ കോടതിയെയാണ് സമീപിക്കേണ്ടതെന്നും പ്രോസിക്യൂഷന് പറഞ്ഞു. പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ വിചാരണ നടത്തണമെന്നാണ് പ്രതികളുടെ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന് വാദിച്ചത്.
കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണം സംഘം നല്കിയ അപേക്ഷയിലും കോടതിയുടെ തീരുമാനം നാളെ അറിയാം. കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്ന തരത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് നേതൃത്വം നല്കിയ ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസ് തുടരന്വേഷണത്തിന് അപേക്ഷ നല്‍കിയത്.
10 ദിവസത്തേക്കാണ് അനുമതി തേടിയത്. തുടരന്വേഷണം വിചാരണ നടപടികള്‍ വൈകിപ്പിക്കുന്നതിന്റെ ഭാഗമാണെന്നും അനുമതി നല്‍കരുതെന്നും പ്രതിഭാഗം വാദിച്ചു.