അത്തം പിറന്നു: പൂക്കളെത്തിക്കാൻ തമിഴ്നാട് വിപണി സജീവം
1451073
Friday, September 6, 2024 6:00 AM IST
പി. സനില്‍കുമാര്‍
ചെങ്കോട്ട: കേരളത്തിൽ അത്തപ്പൂക്കളമൊരുക്കാൻ തമിഴ്നാട് പൂവിപണി സജീവം. അതിർത്തിക്കപ്പുറം ചെങ്കോട്ടക്കടുത്തെ ഗ്രാമങ്ങളിൽ നിന്ന് ശിവകാമിപുരത്തെ പൂ മാര്‍ക്കറ്റിലേക്കാണ് പൂവ് എത്തിക്കുന്നത്.
തമിഴ്നാട്ടിലെ ഏറ്റവും വലിയ പൂമാര്ക്കറ്റായ ശങ്കരംകോവില്‍ ഭാഗത്തേക്കും ഇവിടെ നിന്ന് പൂക്കള്‍ കൊണ്ടു പോകുന്നു. പിച്ചി, മുല്ല, ജമന്തി, റോസ് തുടങ്ങിയ പുഷ്പങ്ങളുടെ കൃഷിയാണ് ചുരണ്ടയില് കൂടുതലുള്ളത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് പൂക്കള്‍ക്ക് ഇക്കുറി വലിയ വിലവര്‍ധന ഉണ്ടായിട്ടില്ലെന്ന് കർഷകർ പറയുന്നു.
ചെറിയ മഴ ഇടയ്ക്കിടെ ലഭിച്ചിരുന്നെങ്കില്‍ പിച്ചിയടക്കമുള്ളവയ്ക്ക് ഇരട്ടി വിളവു ലഭിക്കുമായിരുന്നുവെന്ന് നാല് വര്‍ഷമായി പിച്ചിപൂ കൃഷി നടത്തിവരുന്ന മണി പറയുന്നു.
ആവണി മാസം ആയതിനാല്‍ വില വര്‍ധിക്കുമെന്ന പ്രതീക്ഷയും മണി പങ്കുവയ്ക്കുന്നു. മിക്ക പാടങ്ങളിലും മാതാപിതാക്കള്‍ക്കൊപ്പം മികച്ച വിദ്യാഭ്യാസമുള്ള മക്കള്‍കൂടി വിളവെടുപ്പിനും കൃഷിക്കും മുന്നിട്ടിറങ്ങുന്നു. തിരുവോണം അടുക്കുന്നതോടെ പൂവിപണി കൂടുതല്‍ ഉഷറാകുമെന്ന പ്രതീക്ഷയാണ് കര്‍ഷകര്‍.