ചന്ദനമരം മുറിച്ചു കടത്തിയ കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍
1451070
Friday, September 6, 2024 6:00 AM IST
അഞ്ചല്‍: വനം വകുപ്പിന്റെ അഞ്ചല്‍ റേഞ്ചിലെ ചോഴിയക്കോട്, അരിപ്പ ഭാഗങ്ങളില്‍ നിന്ന് ചന്ദന മരങ്ങള്‍ മുറിച്ചു കടത്തിയ കേസില്‍ 24 മണിക്കൂറിനുള്ളില്‍ പ്രതികളെ കുടുക്കി വനം വകുപ്പ്.
ചന്ദന മരങ്ങള്‍ മുറിച്ചു കടത്തിയ വിതുര കല്ലാര്‍ വിജയ ഭവനില്‍ ശിങ്കിടി വിജയന് എന്ന വിജയന് (45), തിരുവനന്തപുരം ഒറ്റശേഖരമംഗലത്ത് ബഥേല്‍ ഭവനില്‍ അജിതാ ഭായി (51) എന്നിവരെയാണ് വനപാലക സംഘം പിടികൂടിയത്.
ഇക്കഴിഞ്ഞ മൂന്നിന് പുലര്‍ച്ചെയാണ് ചന്ദനമരം മുറിച്ചു കടത്തിയത്. വിവരം അറിഞ്ഞയുടന്‍ സ്ഥലത്ത് എത്തിയ അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ അധിക ചുമതല വഹിക്കുന്ന അരുണിന്റെ നേതൃത്വത്തിലുള്ള വനപാലകര്‍ അന്വേഷണം ആരംഭിച്ചു.
പ്രദേശത്തും പരിസരങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പാലോട് പോലീസിന്റെ കൂടി സഹായത്തോടെ ശേഖരിച്ച അന്വേഷണ സംഘം സ്കൂട്ടറില്‍ ചാക്കുക്കെട്ടുമായി പോകുന്ന രണ്ടുപേരെ തിരിച്ചറിയുകയും ഇവരെ കേന്ദ്രീകരിച്ചു അന്വേഷണം ആരംഭിക്കുകയായിരുന്നു.
പിന്നീട് സ്കൂട്ടറില്‍ പോകുന്നവരില്‍ ഒരാള്‍ ശിങ്കിടി വിജയനാണെന്നു തിരിച്ചറിയുകയും അന്വേഷണം സംഘം ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. വിജയനെ ചോദ്യം ചെയ്തതോടെയാണ് കൂട്ടാളി കല്ലാര്‍ സ്വദേശി രാജേഷ്, ഇടനിലക്കാരി അജിതാ ഭായി എന്നിവരെ കുറിച്ച് സൂചന ലഭിക്കുന്നത്.
ചോദ്യം ചെയ്യലില്‍ ചിതറയില്‍ നിന്ന് മറ്റൊരു ചന്ദന മരം കൂടി മുറിച്ചു കടത്തിയതായി പ്രതികള്‍ സമ്മതിച്ചു. വിജയന് പിടിയിലായെന്ന് മനസിലാക്കിയ കേസിലെ പ്രധാനി രതീഷ് ഒളിവില്‍ പോയി. അജിതാ ഭായിയെ പിന്നീട് അന്വേഷണ സംഘം പിടികൂടുകയും ചെയ്തു.
വിജയനും ഒളിവില്‍ പോയ രതീഷും ചേര്‍ന്നാണ് ചന്ദന മരം മുറിച്ചു കടത്തിയത്. കടത്തിയ ചന്ദനം ഇടനിലക്കാരിയായ അജിതാഭായി വഴി വില്‍പ്പന നടത്തുകയാണ് പതിവ്. വലിയ മാഫിയയിലെ ചെറിയ കണ്ണികളാണ് പിടിയിലായതെന്നും കൂടുതല്‍ ആളുകള്‍ പിടിയിലാകുമെന്നും പ്രൊബേഷന്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അരവിന്ദ് പറഞ്ഞു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ പുനലൂര്‍ വനം കോടതിയില്‍ ഹാജരാക്കും. റേഞ്ച് ഓഫീസര്‍മാരായ അരുണ്‍, അരവിന്ദ്, ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍ അനില്‍കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ നൗഷാദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ രമ്യ, ജിഷ ജി .നായര്‍, അനു,
വാച്ചര്‍മാരായ അനില്‍കുമാര്‍, അനൂപ് ഭാസ്കര്‍, വൈശാഖ്, സാബുനാഥന് എന്നിവരടങ്ങുന്ന സംഘമാണ് വനം വകുപ്പ് ഇന്റലിജന്‍സ്, ഫ്ലയിംഗ് സ്ക്വാഡ് എന്നിവരുടെ സഹായത്തോടെ പ്രതികളെ പിടികൂടിയത്