തുടർച്ചയായ നിയമ പഠനം നിലവാരമുയർത്തും: ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ
1443381
Friday, August 9, 2024 6:05 AM IST
കൊല്ലം: രാജ്യത്ത് നടപ്പിൽ വന്ന പുതിയ ക്രിമിനൽ നിയമങ്ങൾ പഠിക്കുന്നതിന് അഭിഭാഷകർക്ക് കൊല്ലം ബാർ അസോസിയേഷൻ വേദിയൊരുക്കി. കേരള ജുഡീഷ്യൽ അക്കാദമിയുമായി സഹകരിച്ചാണ് നിയമ പഠന സെഷനുകൾ നടത്തുന്നത്.
കേരള ജുഡീഷ്യൽ അക്കാദമി ആദ്യമായാണ് ബാർ അസോസിയേഷനുമായി സഹകരിച്ച് എറണാകുളത്തിന് പുറത്ത് അഭിഭാഷകർക്കായി നിയമ പഠന പരിപാടി നടത്തുന്നത്. കൊല്ലം ആനന്ദവല്ലീശ്വരം വിദ്യാധിരാജ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ ആരംഭിച്ച നിയമ പഠന പരിപാടി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു.
അഭിഭാഷക വൃത്തിയിൽ നിലവാരം ഉയർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. തുടർച്ചയായ നിയമപഠനത്തിലൂടെ അഭിഭാഷക വൃത്തിയുടെ നിലവാരം മെച്ചപ്പെടും.
ലക്ഷ്യത്തിലെത്താൻ പല മാർഗങ്ങളുണ്ടാകും. ഏറ്റവും പെട്ടെന്ന് ലക്ഷ്യത്തിലെത്താനുള്ള മാർഗം തെരഞ്ഞെടുക്കാൻ കഴിയുന്നതിലാണ് അഭിഭാഷകൻ മികവ് കാട്ടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഓച്ചിറ.എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെഷൻസ് ജഡ്ജ് ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി.
ജുഡീഷ്യൽ അക്കാദമി ഡയറക്ടർ കെ.എൻ. സുജിത്ത്, ബാർ കൗൺസിൽ അംഗം അഡ്വ. പി. സജീവ് ബാബു, ജുഡീഷ്യൽ അക്കാദമി ജോയിന്റ് ഡയറക്ടർ ഡോ. ജോൺ വർഗീസ്, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. എ.കെ. മനോജ്, അഡ്വ. ജയൻ കൊട്ടിയം എന്നിവർ പ്രസംഗിച്ചു.