വിജിലൻസ് കോടതി; കൊല്ലത്ത് സമരം ശക്തമാകുന്നു
1441646
Saturday, August 3, 2024 6:11 AM IST
കൊല്ലം: കൊല്ലത്ത് സ്ഥാപിക്കാൻ സർക്കാർ ഉത്തരവിട്ട വിജിലൻസ് കോടതി നിയമ വിരുദ്ധമായി കൊട്ടാരക്കരയിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കെതിരേ കൊല്ലം ബാർ അസോസിയേഷൻ നടത്തുന്ന സമരം ശക്തമാകുന്നു.
ഇന്നലെ കൊല്ലം ബാർ അസോസിയേഷൻ ഹാളിനു മുമ്പിൽ നടത്തിയ ധർണ മുൻ മേയർ രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. നീതിക്ക് വേണ്ടിയുള്ള സമരമായതിനാലാണ് താൻ പരസ്യമായി ഈ സമരത്തെ പിന്തുണയ്ക്കുകയും സഹകരിക്കുകയും ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ ഉത്തരവ് സർക്കാർ പിൻവലിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ ഉപാധ്യക്ഷൻ അഡ്വ. ആർ. രാജേന്ദ്രൻ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഓച്ചിറ. എൻ. അനിൽകുമാർ, അഡ്വ. വിളയിൽ രാജീവ്, അഡ്വ. പള്ളിമൺ മനോജ് കുമാർ, അഡ്വ. പവിത്രൻ, അഡ്വ. മിനി പ്രതാപ്, അഡ്വ. എ.അൻസീന എന്നിവർ പ്രസംഗിച്ചു.