പുനലൂര്‍ നഗരസഭ പുരസ്കാര നിറവില്‍
1396481
Thursday, February 29, 2024 11:26 PM IST
പുനലൂര്‍ : സംരംഭക വര്‍ഷത്തിലെ മികച്ച പ്രവര്‍ത്തനത്തിനും സംരംഭക രൂപീകരണത്തിനും അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വ്യവസായ വകുപ്പ് ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരം നേടി പുനലൂര്‍ നഗരസഭ. വ്യവസായ മേഖലയില്‍ കൊല്ലം ജില്ലയിലെ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്കാരമാണ് പുനലൂരിനെ തേടിയെത്തിയത്. വനിതാ വ്യക്തിഗത സംരംഭങ്ങള്‍ക്കുള്ള പുരസ്കാരം ഐക്കരക്കോണം കേന്ദ്രമാക്കി നടക്കുന്ന നിര്‍മാല്യം ന്യൂട്രിമിക്സ് യൂണിറ്റിന് ലഭിച്ചു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം ഹില്ട്ടന് ഗാര്ഡന് ഇന്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി പി. രാജീവില്‍ നിന്നും നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. പുഷ്പലത പുരസ്കാരം ഏറ്റുവാങ്ങി.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് ലഭിച്ചത്. പുത്തന്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ സംഭാവനകളെ അംഗീകരിക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ പുരസ്കാരം ഏര്‍പ്പെടുത്തിയതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ പിള്ള, കൗണ്‍സിലര്‍മാരായ അജി ആന്റണി, നാസില ഷാജി, സെക്രട്ടറി എസ്. സുമയ്യബീവി, വ്യവസായ വികസന ഓഫീസര്‍ കെ. സിന്ധു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.