റെയിൽവേ ആവശ്യപ്പെട്ട തുക തവണകളായി അടക്കുന്നതിനു സാവകാശം നൽകി
1394347
Tuesday, February 20, 2024 11:50 PM IST
കൊല്ലം: പത്തനാപുരം നിയോജകമണ്ഡലത്തിലെ വിളക്കുടി പഞ്ചായത്തിലെ കാര്യറ മണ്ണാംങ്കുഴി റെയിൽവേ ട്രാക്കിന് മുകളിൽ മേൽപ്പാലം നിർമിക്കുന്നതിനു റെയിൽവേ ആവശ്യപ്പെട്ട മെയിന്റനൻസ് തുകയായ 90 ലക്ഷം രൂപ തവണകളായി അടക്കുന്നതിനു സാവകാശം നൽകിയതായി സതേൺ റെയിൽവേ ജനറൽ മാനേജർ ആർ കെ സിംഗ് അറിയിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം പി അറിയിച്ചു.
ഇത് സംബന്ധിച്ചു മധുര റെയിൽവേ ഡിവിഷണൽ മാനേജർ വിളക്കുടി പഞ്ചായത്ത് സെക്രട്ടറിക്കു സതേൺ റെയിൽവേ ജനറൽ മാനേജരുടെ തീരുമാനം ഉത്തരവായി അറിയിച്ചതായി എംപി പറഞ്ഞു.
മണ്ണാംങ്കുഴിയിൽ നിർമിക്കുന്ന റെയിൽവേ മിനി ഓവർ ബ്രിഡ്ജ് നാല് കോടി 30 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ആണ് മധുര ഡിവിഷൻ എൻജിനീയറിംഗ് വിഭാഗം തയാറാക്കിയിട്ടുള്ളത് ഈ തുക പൂർണമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, സംസ്ഥാന സർക്കാരിന്റെ ഫണ്ട് തുടങ്ങിയവയിൽ നിന്നും നൽകിയാലേ പാലം നിർമ്മാണം റെയിൽവേ ആരംഭിക്കുകയൊള്ളു ഇതനുസരിച്ചു കൊച്ചിൻ ഷിപ്പിയാർഡിന്റെ സി എസ് ആർ ഫണ്ടിൽ നിന്നും ഒന്നരക്കോടി രൂപയും, സ്ഥലം എം എൽ എ കൂടിയായ മന്ത്രി ഗണേഷ് കുമാറിന്റെ എം എൽ എ ഫണ്ടിൽ നിന്നും ഒന്നര കോടി രൂപയും വിളക്കുടി പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും പാലത്തിന്റെ നിർമാണത്തിന് വേണ്ടി ചെലവഴിക്കാമെന്നു ധാരണയായിട്ടുണ്ട്. മധുര റെയിൽവേ ഡിവിഷണൽ മാനേജറുടെ അധ്യക്ഷതയിൽ വിളക്കുടി പഞ്ചായത്തിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. കൊച്ചിൻ ഷിപ്പിയാർഡിന്റെ പ്രതിനിധികൾ, മന്ത്രി ഗണേഷ് കുമാർ, പഞ്ചായത്ത് പ്രസിഡന്റ് ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചിരുന്നു.
വാഗ്ദാനം ചെയ്യപ്പെട്ട തുകകൾ റെയിൽവേക്കു കൈമാറുന്നതോടു കൂടി മേൽപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയും. അടുത്ത ദിവസം തന്നെ വിളക്കുടി പഞ്ചായത്തിൽ മധുര ഡി ആർ എമ്മിന്റെ നേതൃത്വത്തിൽ ഉന്നതതലയോഗം വിളിച്ചു ചേർക്കും.
യോഗത്തിൽ കൊച്ചിൻ ഷിപ്പിയാർഡിന്റെ പ്രതിനിധികൾ, മന്ത്രി ഗണേഷ് കുമാർ, പഞ്ചായത്ത് പ്രസിഡന്റ് ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കുമെന്ന് എം പി അറിയിച്ചു.