പ്രത്യേക അയൽക്കൂട്ട യോഗത്തിൽ പങ്കെടുത്ത് മന്ത്രിമാരും
1394103
Tuesday, February 20, 2024 5:06 AM IST
കൊല്ലം: സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനു സര്‍ക്കാര്‍ നടപ്പാക്കുന്ന ഡിജി കേരളം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ അയൽക്കൂട്ടങ്ങളെല്ലാം പ്രത്യേക യോഗം ‘ഡിജി കൂട്ടം' ചേർന്നു. ഈ പ്രത്യേക അയൽക്കൂട്ട യോഗങ്ങളിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തതും സവിശേഷതയായി.
വെട്ടിക്കവല ബ്ലോക്കിലെ മൈലം സി ഡി എസ് പള്ളിക്കൽ വടക്ക് വാർഡിലെ ചൈതന്യ അയൽക്കൂട്ടത്തിന്റെ ഡിജി കൂട്ടത്തിൽ മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, എം ബി രാജേഷ് എന്നിവർ പങ്കെടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം ജി രാജമാണിക്യം, കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്റ്റർ ജാഫർ മാലിക്, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി. നാഥ്, സിഡിഎസ് ചെയർപേഴ്സൺ ബിന്ദു. ആർ, കുടുംബശ്രീ കൊല്ലം ജില്ലാ മിഷൻ കോർഡിനേറ്റർ വിമൽ ചന്ദ്രൻ, അസിസ്റ്റന്റ് ജില്ലാമിഷൻ കോർഡിനേറ്റർ അനീസ, ജനപ്രതിനിധികൾ, സിഡിഎസ് ഭാരവാഹികൾ, കുടുംബശ്രീ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സ്മാര്‍ട്ട് ഫോണുകളുമായാണ് ഡിജി കൂട്ടത്തിന് അംഗങ്ങൾ എത്തിയത്. ഡിജി കേരളം പദ്ധതി കൂടുതല്‍ ജനകീയമാക്കുന്നതിനും കൂടുതല്‍ പേരെ പദ്ധതിയുടെ ഭാഗമാക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഡിജി വാരാഘോഷത്തിന്റെ ഭാഗമായാണ് കുടുംബശ്രീയുടെ കീഴിലുളള അയല്‍ ക്കൂട്ടങ്ങളിൽ പ്രത്യേക യോഗങ്ങള്‍ സംഘടിപ്പിച്ചത്. അംഗങ്ങൾ വീഡിയോ ട്യൂട്ടോറിയല്‍ കണ്ടു. ഡിജിറ്റൽ വോളന്റിയര്‍മാര്‍ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഡിജി കേരളം പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, എസ് സി, എസ്ടി പ്രൊമോട്ടര്‍മാര്‍, തൊഴിലുറപ്പ് പദ്ധതി മേറ്റുമാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് വീഡിയോ ട്യൂട്ടോറിയല്‍ വഴി പരിശീലനം നല്കി വിവരശേഖരണം നടത്താനും തുടര്‍ന്ന് പ്രത്യേക പരിശീലനം നല്കിയ ഡിജിറ്റല്‍ വോളന്റിയര്‍മാര്‍ വഴി ഡിജിറ്റല്‍ സാക്ഷരതാ പ്രവര്‍ത്തനം നടത്താനുമാണ് ലക്ഷ്യമിട്ടിട്ടുള്ളത്.