കൊല്ലം: മാതാ അമൃതാനന്ദമയിയുടെ 70-ാം ജൻമദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അമൃതാനന്ദമയിമഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി അറിയിച്ചു. മൂന്നിന് അമൃത വിശ്വവിദ്യാപീഠം ക കാമ്പസിലെ പ്രത്യേക വേദിയിലാണ് ജൻമദിനാഘോഷ പരിപാടികൾ.
ഇതിനു മുന്നോടിയായി നാളെ വൈകുന്നേരം അഞ്ചിന് പ്രഭാഷണങ്ങൾ, അമൃതാനന്ദമയിയുടെ നേതൃത്വത്തിൽ ധ്യാനം, വിശ്വശാന്തി പ്രാർഥനകൾ, അമൃത സർവകലാശാലയുടെ പുതിയ ഗവേഷണ പദ്ധതികളുടെ പ്രഖ്യാപനം, ആശ്രമത്തിന്റെപുതിയ വെബ്സൈറ്റിന്റെയും പ്രസിദ്ധീകരണങ്ങളുടെയും പ്രകാശനം എന്നിവ നടക്കും.
പിറന്നാൾ ദിനമായ മൂന്നിന് രാവിലെ അഞ്ചിന് മഹാഗണപതി ഹോമം, ഏഴിന് സത്സംഗം, 7.45 ന് സംഗീതസംവിധായകൻ രാഹുൽരാജും സംഘവും അവതരിപ്പിക്കുന്ന നാദാമൃതം, ഒമ്പതിന് ഗുരുപാദപൂജ എന്നിവയുണ്ടാകും. തുടർന്ന് മാതാ അമൃതാനന്ദമയി ജൻമദിന സന്ദേശം നൽകും. ധ്യാനം, വിശ്വശാന്തി പ്രാർഥന എന്നിവയുമുണ്ടാകും.
11 -ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ 193 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തമിഴ്നാട് ഗവർണർ ആർ.എൻ. രവി, തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ, കേന്ദ്രമന്ത്രി മഹേന്ദ്രനാഥ് പാണ്ഡേ, കേന്ദ്ര സഹമന്ത്രിമാരായ അശ്വിനി കുമാർ ചൗബേ, വി.മുരളീധരൻ, നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രതിപക്ഷ നേതാവ് വി.ഡി .സതീശൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
തുടർന്ന് അമേരിക്കയിലെ ബോസ്റ്റൺ ഗ്ലോബൽ ഫോറവും മൈക്കൽ ഡ്യൂക്കാക്കിസ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് ' വേൾഡ് ലീഡർ ഫോർ പീസ് ആന്റ് സെക്യൂരിറ്റി പുരസ്കാരം മാതാ അമൃതാനന്ദമയിക്ക് സമർപ്പിക്കും.
തുടർന്ന് അമൃതകീർത്തി പുരസ്കാര വിതരണം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അമൃതശ്രീ പദ്ധതി വിപുലീകരണ പദ്ധതിയുടെ ഉദ്ഘാടനം, രാജ്യമെമ്പാടുമായി അമൃതശ്രീ തൊഴിൽ നൈപുണ്യ വികസനകേന്ദ്രങ്ങളിൽ നിന്നായി പരിശീലനം പൂർത്തിയാക്കിയ ആദ്യബാച്ചിലെ 5000 സ്ത്രീകൾക്കുള്ള ബിരുദദാന വിതരണം, 300 പേർക്ക് നൽകുന്ന സൗജന്യ ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം, 108 സമൂഹ വിവാഹം, നാല് ലക്ഷം പേർക്കുള്ള വസ്ത്രദാനം എന്നിവയുണ്ടാകും.
മഠം എല്ലാവർഷവും നൽകിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമെയാണ് ഈ വർഷം 300 പേർക്കുള്ള ചികിത്സാ സഹായം നൽകുന്നതെന്ന് സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു. കരൾ,ഹൃദയം,മജ്ജ,കാൽമുട്ട് മാറ്റിവെയ്ക്കൽ, കാൻസർ ചികിത്സ തുടങ്ങിയവയ്ക്കുള്ള ചികിത്സാ സഹായമാണ് 300 രോഗികൾക്ക് ലഭിക്കുക.
ശാന്തിയുടെ ചെറുമൺതരികൾ ( ഗ്രെയിൻസ് ഓഫ് പീസ് ) എന്ന സന്ദേശവുമായി ഐക്യരാഷ്ട്ര സംഘടനയിലുൾപ്പെട്ട 193 രാജ്യങ്ങളിൽ നിന്നുള്ള മണ്ണും പതാകകളുമായി 70 പ്രതിനിധികൾ ജൻമദിനാഘോഷച്ചടങ്ങിൽ പങ്കെടുക്കും.
വിവിധ രാജ്യങ്ങളിൽ നിന്നെത്തിക്കുന്ന മണ്ണിനൊപ്പം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ള മണ്ണും കൂട്ടിച്ചേർത്ത് അതിനുള്ളിൽ വിത്ത് നിറച്ച് സീഡ് ബോളുകളാക്കി അതാത് രാഷ്ട്രങ്ങളിലേക്ക് കൊടുത്തുവിടുമെന്നും സ്വാമി അമൃതസ്വരൂപാനന്ദപുരി കൂട്ടിച്ചേർത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖരായ 70 വ്യക്തികളുടെ ജൻമദിന ആശംസകൾ ജൻമദിനാഘോഷവേദിയിൽ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.