അനധികൃത മാലിന്യ യാഡ്: ഏരൂർ പഞ്ചായത്തില്‍ പ്രതിഷേധം ശക്തം
1338557
Wednesday, September 27, 2023 12:20 AM IST
അഞ്ചല്‍ : ഏരൂര്‍ പഞ്ചായത്തിലെ ഭാരതീപുരം വാര്‍ഡില്‍ അനധികൃതമായി ഇറച്ചി മാലിന്യങ്ങള്‍ ഡംപ് ചെയ്ത സംഭവത്തില്‍ പഞ്ചായത്ത് അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തം.
വര്‍ഷങ്ങളായി ഇങ്ങനെ ഒരു നിയമലംഘനം നടന്നിട്ടും പഞ്ചായത്ത് ആരോഗ്യവകുപ്പ് അധികൃതര്‍ അറിഞ്ഞില്ലെന്ന വാദം വിശ്വസിക്കാന്‍ കഴിയില്ലെന്നു ബിജെപി ,കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ചും ഉന്നതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും ബിജെപി ജനപ്രതിനിധികളും നേതാക്കളും ചേര്‍ന്ന് ഏരൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.ഇക്കാര്യത്തില്‍ കുറ്റക്കാരെ കണ്ടെത്തണം. ഉദ്യോഗസ്ഥരുടെ അടക്കം ഭാഗത്ത് നിന്നും വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ കോഴ ഇടപാടാണ് നടന്നിരിക്കുന്നതെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.
പോലീസ് എത്തി ബിജെപി പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ആര്‍ഡിഒ അടക്കമുള്ളവര്‍ സ്ഥലത്ത് എത്തി ഉറപ്പ് നല്‍കാതെ സമരം അവസാനിപ്പിക്കിലല്ലെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
ഇതിനിടയില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന നിയമ ലംഘനം ഇപ്പോഴാണോ അറിഞ്ഞതെന്ന ഏരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ജി .വിനോദിന്റെ ചോദ്യം പ്രവര്‍ത്തകരെ ചൊടിപ്പിച്ചു. ഇത് വാക്കേറ്റത്തിനും വഴിവച്ചു.
പിന്നീട് ആര് ഡി ഒ സ്ഥലത്ത് എത്തി റിപ്പോര്‍ട്ട് ഉടന്‍ കളക്ടര്‍ക്ക് നല്‍കുമെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും നല്കിയ ഉറപ്പിന്മേല് ബിജെപി സമരം അവസാനിപ്പിക്കുകയായിരുന്നു.
ബിജെപി ജില്ല കമ്മിറ്റി അംഗം ആലഞ്ചേരി ജയചന്ദ്രന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഖില്‍, വിഷ്ണു ,മണ്ഡലം ജനറല്‍സെക്രട്ടറി ബാലചന്ദ്രന് പിള്ള, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അനന്ദു കെ .മുരളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബിജെപിയുടെ സമരം തുടരുന്നതിനിടെ കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധവുമായി എത്തി.
എന്നാല്‍ സെക്രട്ടറിയെ ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിച്ചതോടെ പ്രസിഡന്റ് ജി .അജിത്തിനെ കണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു.ശക്തമായ തുടര്‍ സമരങ്ങള്‍ ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കളായ ഏരൂര്‍ സുഭാഷ്, പി.ബി .വേണുഗോപാല്‍, പത്തടി സുലൈമാന്‍ എന്നിവര്‍ അറിയിച്ചു.
എന്നാല്‍ സംഭവത്തില്‍ ശക്തമായ പ്രതിഷേധം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമ്പോഴും കോണ്‍ഗ്രസ് മെമ്പറുടെ വാര്‍ഡിലാണ് ഗുരുതരമായ പ്രശ്നം ഉണ്ടായതെന്നത് പാര്‍ട്ടിയെയും നേതാക്കളെയും വെട്ടിലാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസ് മണ്ഡലം മണ്ഡലം പ്രസിഡന്റ് കൊച്ചുമ്മച്ചന്റെ ഭാര്യ ഷീന കൊച്ചുമ്മച്ചനാണ് വിവാദ പ്രദേശത്തെ പ്രതിനിധീകരിക്കുന്ന വാര്‍ഡ് അംഗം. വാര്‍ഡ് അംഗം സ്ഥലത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചിട്ടുണ്ട്.