കല്ലുവാതുക്കലിലെ പ്രാഥമികാരോഗ്യ ഉപകേന്ദ്രം പ്രവർത്തനമില്ലാതെ നശിക്കുന്നു
1337353
Friday, September 22, 2023 12:58 AM IST
ചാത്തന്നൂർ: കേന്ദ്ര സർക്കാർ നിർമിച്ച കല്ലുവാതുക്കലിലെ പ്രാഥമികാരോഗ്യ ഉപകേന്ദ്രം പ്രവർത്തിപ്പിക്കാതെ അനാഥമായി നശിക്കുന്നു. നാഷണൽ റൂറൽ ഹെൽത്ത് മിഷൻ 37.5 ലക്ഷം രൂപ മുടക്കിയാണ് മനോഹരവും എല്ലാ വിധ സൗകര്യങ്ങളുമുള്ള കെട്ടിടം നിർമിച്ചത്.
കല്ലുവാതുക്കൽ പാറ ജംഗ്ഷനിൽ ഗ്രാമ പഞ്ചായത്ത് വിട്ടുകൊടുത്ത സ്ഥലത്ത് കെട്ടിടം നിർമിച്ചിട്ട് രണ്ടര വർഷം തികയുന്നു.30000-ത്തിന് മുകളിൽ ജനസംഖ്യയുള്ള പഞ്ചായത്തുകളിൽ ജനസംഖ്യാനുപാതികമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നത് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിയമമാണ്.
ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായകല്ലുവാതുക്കലിലെ ജനസംഖ്യ 75000 ന് മുകളിലാണ്. 37 ചതുരശ്രകിലോമീറ്റർ വിസ്തൃതിയും 42 ഓളം പട്ടികജാതി കോളനികളുമുള്ള പഞ്ചായത്തിൽ പാരിപ്പള്ളിയിൽ ഒരു പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.
ഈ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും പ്രയോജനപ്പെടുത്താൻ കഴിയുകയില്ലെന്നും, മുക്കാൽ ലക്ഷത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തിൽ, ജനസംഖ്യാനുപാതികമായി.
30000 പേർക്ക് ഒരു പ്രാഥമികാരോഗ്യ കേന്ദ്രം എന്ന കേന്ദ്ര നിയമം നടപ്പാക്കണമെന്നുംആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ സി.ആർ. സുധീർ പ്രധാനമന്ത്രിക്കും കേന്ദ്ര ആരോഗ്യ മന്ത്രിക്കും നിവേദനം നല്കിയിരുന്നു. ഇതേ തുടർന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇടപെട്ട് നാഷണൽ റൂറൽ ഹെൽത്ത് മിഷൻ മുഖേന പഞ്ചായത്ത് വിട്ടു കൊടുത്ത സ്ഥലത്ത് കെട്ടിടം നിർമിച്ചു നല്കിയത്.
കോവിഡ് കാലത്തിന്റെ അവസാനത്തിലാണ് കെട്ടിടം നിർമിച്ചത്. ഇതിലേയ്ക്കാവശ്യമായഡോക്ടർമാർ, നഴ്സുമാർ , അനുബന്ധ ആരോഗ്യ പ്രവർത്തകർ എന്നിവരെ നിയമിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. എന്നാൽ ഇതുവരെയും ജീവനക്കാരെ നിയമിക്കുന്നതിനാവശ്യമായ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഗ്രാമ പഞ്ചായത്തോ ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളോ ഇതിന് വേണ്ടി സമ്മർദ്ദം ചെലുത്തുന്നുമില്ല.
കെട്ടിടം അനാഥമായി, കാട് മൂടി നശിക്കുന്നു എന്നതിനെക്കാൾ, പകർച്ച പനികളും മറ്റ് രോഗങ്ങളും പകരുന്ന ഈ കാലത്ത് ജനങ്ങൾക്ക് ചികിത്സാ സൗകര്യം നിഷേധിക്കുക കൂടിയാണ്.