സമകാലിക വിഷയങ്ങളിൽ സാഹിത്യകാരന്മാരുടെ മൗനം ഭീതി പടർത്തുന്നു: എൻ. കെ. പ്രേമചന്ദ്രൻ
1336348
Sunday, September 17, 2023 11:42 PM IST
കൊല്ലം: മുൻകാലങ്ങളിൽ സമൂഹത്തെ ബാധിച്ചിരുന്ന ഏതൊരു വിഷയങ്ങളിലും കേരളത്തിലെ സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും സാംസ്കാരിക നായകരുടെയും ശബ്ദം അധികാരികളുടെ കണ്ണ് തുറപ്പിച്ചിരുന്നു. മാനവ പുരോഗതിക്കും രാജ്യ നന്മയ്ക്കും അത് ഉപകരിച്ചിരുന്നു. എന്നാൽ ഇന്നതിന് കാതലായമാറ്റം സംഭവിച്ചിരിക്കുന്നു.
മിക്കവരുടെയും നോട്ടം എനിക്കെന്തു നേട്ടം എന്നുള്ളതാണ്. ഡോ.സുകുമാർ അഴീക്കോടിനെ പോലുള്ള ധീഷണാശാലികൾ തൊടുത്തുവിട്ട ഓരോ വാക്കുകളും സാമൂഹിക പുരോഗതിക്കുള്ളതായി മാറി. പുതിയ തലമുറ ഇതു മനസിലാക്കി പ്രവർത്തിക്കേണ്ട കാലം അനിവാര്യമാണെന്ന് പ്രേമചന്ദ്രൻ എം പി അഭിപ്രായപ്പെട്ടു
ജനകീയ കവിതാ വേദി ഏർപ്പെടുത്തിയ ഡോ. സുകുമാർ അഴീക്കോട് സാഹിത്യ പുരസ്കാരം ഡോ.ജോർജ് ഓണക്കൂറിന് സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു എംപി. അനീതിക്കും അക്രമത്തിനും അഴിമതിക്കും എതിരെയുള്ള കാലത്തിന്റെ ശംഖനാദമായിരുന്നു അഴീക്കോട് മാഷെന്ന് ഡോ. ജോർജ് ഓണക്കൂർ അഭിപ്രായപ്പെട്ടു.
അഴീക്കോട് മാഷിന് പകരം വയ്ക്കാൻ മറ്റൊരു മഹാരഥൻ ഉയർത്തെഴുന്നേക്കേണ്ടി ഇരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊല്ലം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ജനകീയ കവിതാ വേദി പ്രസിഡന്റ്
കെ.കെ ബാബു അധ്യക്ഷത വഹിച്ചു. ഡോ.ഷേർലി ശങ്കർ, ബാബു ചെമ്പകശേരി, ഫാ. ജോൺ സ്ലീബാ, രാജൻ മൈത്രേയാ, മാത്യു അലക്സ് സുബൈദ ടീച്ചർ, വല്ലം ഗണേശൻ, രശ്മി ദേവി ശാസ്താംകോട്ട എന്നിവർ പ്രസംഗിച്ചു. മകരം ബുക്സ് പ്രസിദ്ധീകരിച്ച കെ. അമ്മിണിയമ്മയുടെ തലമുറകളുടെ ശാപം എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം ഡോ. ജോർജ്ഓണക്കൂർ നിർവഹിച്ചു. ഡോക്ടർഷേർലി ശങ്കർ പുസ്തകം ഏറ്റുവാങ്ങി.
പ്രതിഭാ സംഗമത്തിലും കവിയരങ്ങിലും ക്യാപ്റ്റൻ സരസ്വതി പ്രകാശ്,ജ്യോതി ലക്ഷ്മി മൈനാഗപ്പള്ളി, സുജാ ഷിബു, ശ്രേഷ്ഠാ ആദർശ സുഭാഷ്പരപ്പിൽ, മുരളി പനവേലി തുടങ്ങിയവർ പങ്കെടുത്തു.