വാടിയിൽ ചാള ചാകര
1301770
Sunday, June 11, 2023 3:27 AM IST
കൊല്ലം: ആഴക്കടൽ മത്സ്യബന്ധന നിരോധനം തുടങ്ങിയതിന്റെ ആദ്യ ദിനം വാടി കടപ്പുറത്ത് ചാള ചാകര.വെള്ളി രാത്രി മത്സ്യബന്ധനത്തിന് വള്ളത്തിൽ പോയ തൊഴിലാളികൾക്കെല്ലാം ആവശ്യത്തിന് നെയ് ചാള ഇന്നലെ ലഭിച്ചു. ബോട്ടുകൾക്ക് നിരോധനം ഉണ്ടായതിനാൽ നൂറു കണക്കിന് വള്ളങ്ങളാണ് വാടിയിൽ നിന്ന് മീൻ പിടിക്കാൻ പോയത്. ഒരു കിലോഗ്രാം ചാള ആദ്യം 75 രൂപയ്ക്ക് വിറ്റുപോയെങ്കിലും പിന്നീട് 50 രൂപ വരെയായി താഴ്ന്നു. വാങ്ങിക്കാനും വൻ തിരക്കായിരുന്നു. വിൽപനക്കാർ ദൂരസ്ഥലങ്ങളിൽ നിന്നു പോലും വാടിയിൽ എത്തി.
വൈകുന്നേരം ആറുവരെ എത്തിയ വള്ളങ്ങൾക്കും ആവശ്യത്തിന് ചാള ലഭിച്ചു. ഒടുവിൽ 100 രൂപയ്ക്ക് ഒരു കിറ്റ് ചാള വരെ വിറ്റഴിച്ചു.
വള്ളത്തിൽ പോയ തൊഴിലാളികൾക്ക് ചാള കൂടാതെ നെത്തോലി, കാരൽ, പരവ തുടങ്ങിയ മീനുകളും പ്രതീക്ഷിച്ചതിൽ കൂടുതൽ ലഭിച്ചു.
ആഴക്കടൽ മത്സ്യബന്ധന നിരോധനം കാരണം തൊഴിൽ നഷ്ടപ്പെട്ട ബോട്ടിലെ തൊഴിലാളികളിൽ ഭൂരിഭാഗവും ഇപ്പോൾ വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയി തുടങ്ങി. അന്യ സംസ്ഥാന തൊഴിലാളികൾ നിരവധി പേർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വള്ളത്തിൽ മീൻ പിടിക്കാൻ പോകുന്നുണ്ട്.
ഇന്നലെ കാലാവസ്ഥ അനുകൂലമായതാണ് കാര്യമായി മീൻ കിട്ടാൻ കാരണമായതെന്ന് തൊഴിലാളികൾ പറഞ്ഞു. വരും ദിവസങ്ങളിലും സ്ഥിതി തുടരുമെന്നാണ് അവരുടെ പ്രതീക്ഷ.
ചവറ : ട്രോളിംഗ് നിരോധനം തുടങ്ങി ആദ്യദിനത്തിൽ വള്ളങ്ങൾ കൊണ്ടുവന്നത് മത്തിയും ചൂടയും. ട്രോളിംഗ് നിരോധനം തുടങ്ങിയതോടെ മീനുകൾക്ക് വിലയും വർധിച്ചു.
മത്തിയ്ക്ക് ഇന്നലെ കിലോയ്ക്ക് 140 രൂപ വില ലഭ്യമായി. ട്രോളിംഗ് നിരോധനം തുടങ്ങുന്നതിനു മുൻപ് കിലോയ്ക്ക് 80നും 90നും രൂപയ്ക്ക് ഇടയിൽ വിലയായിരുന്നു. ചൂടയ്ക്ക് ഇന്നലെ 90 രൂപ വില ലഭ്യമായി. കഴിഞ്ഞ ദിവസത്തെക്കാൾ 20 രൂപ വർധന. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് നീണ്ടകര ഹാർബറിൽ നിന്നും ഇന്നലെ 60 ശതമാനത്തിന് താഴെ വള്ളങ്ങൾ ആണ് കടലിൽ മത്സ്യബന്ധനത്തിനായി പോയത്. വള്ളങ്ങൾക്ക് കൂടുതൽ മത്സ്യങ്ങൾ ലഭ്യമായാൽ വില കുറയുമെന്ന വിലയിരുത്തലാണ് ഈ മേഖലയിലുള്ളവർക്കുള്ളത് .
സ്വന്തം ലേഖകൻ