സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ വീണ്ടും ആരുംകൊല നടക്കുന്നു: പി.കെ. കൃഷ്ണദാസ്
1300408
Monday, June 5, 2023 11:32 PM IST
പുനലൂർ : സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ കേരളത്തിൽ വീണ്ടും ആരുംകൊല നടക്കുന്നതായും സുമേഷിന്റെ കൊലപാതകം അതിന് ഉദാഹരണമാണെന്നും ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് പുനലൂരിൽ പത്രസമ്മേളനത്തിൽ ആരോപിച്ചു.
കൊലപാതകം നടത്തിയ നഗരസഭാ കൗൺസിലർ അരവിന്ദാക്ഷനെ മാതൃകാപരമായി ശിക്ഷിയ്ക്കണം. നഗരസഭാ കൗൺസിലിൽ നിന്ന് കൗൺസിലറെ പുറത്താക്കണമെന്നും പി.കെ.കൃഷ്ണദാസ് ആവശ്യപ്പെട്ടു. ക്രിമിനലുകളെ സംരക്ഷിയ്ക്കുന്ന നിലപാട് സിപിഎം പിന്തുടരുകയാണ്. സിപിഎം നേതാക്കൾ അസമയത്ത് സുമേഷിന്റെ വീട്ടിലെത്തിയത് കൊലപാതകം നടത്താൻ വേണ്ടിയായിരുന്നു. കഴിഞ്ഞ തവണ കക്കോട് വാർഡിൽ സുമേഷ് ബിജെപി സ്ഥാനാർഥിയായതു മുതൽ വധഭീഷണിയുണ്ടായിരുന്നു.
അങ്ങനെയാണ് സുമേഷിനെ വീടുകയറി കൊലപ്പെടുത്തിയത്. സിപിഎം നേതാവായ മുൻ മുനിസിപ്പൽ ചെയർമാന്റെ നേതൃത്വത്തിൽ രാജേഷ് എന്ന ബിജെപി പ്രവർത്തകനെയും മുമ്പ് കൊലപ്പെടുത്തിയിരുന്നു. സുമേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിയ്ക്കുമെന്ന് കൃഷ്ണദാസ് മുന്നറിയിപ്പു നൽകി.
സംസ്ഥാന നേതാക്കളായ പ്രഫ.വി.ടി.രമ, ശിവൻകുട്ടി, കെ.സോമൻ, ബി.ബി.ഗോപകുമാർ ,രാജി പ്രസാദ്, പുനലൂർ നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത് പരവട്ടം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.