മാലിന്യ സംസ്കരണം; പരിശോധന ശക്തമാക്കി
1281368
Sunday, March 26, 2023 11:32 PM IST
കൊല്ലം:ജില്ലയിലെ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങള്‍ നടത്തുന്നത് കണ്ടെത്തുന്നതിനായി രൂപീകരിച്ച എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ജില്ലയില്‍ പരിശോധന ശക്തമാക്കി. കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള മണിച്ചിത്തോട് അഷ്ടമുടി കായലിനോട് ചേര്‍ന്നുള്ള ഭാഗത്ത് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കണ്ടെത്തി.
ഹോക്കി സ്റ്റേഡിയം, ബെവ്കോ ഷോപ്പിന്റെ സമീപപ്രദേശങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍, ഉപാസന ആശുപത്രിയുടെ പരിസരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യം തള്ളുന്നതായും അഡ്വഞ്ചര്‍ പാര്‍ക്കിന്റെ ഭാഗമായ കടകളിലെ മാലിന്യങ്ങള്‍ കോര്‍പ്പറേഷന്റെ ഹരിതകര്‍മസേന അംഗങ്ങള്‍ കൈമാറുന്നില്ലന്നും പരിശോധനയില്‍ കണ്ടെത്തി. ഇവ നീക്കംചെയ്യാന്‍ കോര്പ്പറേഷന് നിര്‍ദ്ദേശം നല്കി.
കുറവന്‍പാലം തോട് മാലിന്യം തള്ളുന്നതും ഇവ കൂട്ടിയിട്ട് കത്തിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചാമക്കടയിലെ വ്യാപാരകേന്ദ്രത്തില്‍ നിന്നും നിരോധിച്ച പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ വില്പന നടത്തുന്നതായും കണ്ടെത്തി. നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍, വ്യക്തികള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ഡി സാജു അറിയിച്ചു.