അശ്ലീല ചിത്രങ്ങളും വീഡിയോകളും; പോലീസ് പരിശോധന നടത്തി
1281345
Sunday, March 26, 2023 11:00 PM IST
കൊല്ലം: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ തെരഞ്ഞവർക്കും പങ്കുവച്ചവർക്കുമെതിരെ കൊല്ലം സിറ്റി പോലീസ് വ്യാപക പരിശോധന നടത്തി.
സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഓപ്പറേഷൻ പി ഹണ്ട ിന്റെ ഭാഗമായിരുന്നു ജില്ലയിലെ പരിശോധനകൾ. ശക്തികുളങ്ങര, തെക്കുംഭാഗം, കണ്ണനല്ലൂർ എന്നീ മൂന്ന് പോലീസ് സ്റ്റേഷൻ പരിധിയിലാണ് റെയ്ഡ് നടന്നത്.
സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർമാരുടെയും പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ നടന്ന റെയ്ഡിൽ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണാനും പങ്കുവയ്ക്കാനും ഉപയോഗിച്ച മൂന്നു മൊബൈൽ ഫോണുകൾ, രണ്ട് മെമറികാർഡുകൾ, ഒരു സിംകാർഡ് എന്നിവ പോലീസ് പിടിച്ചെടുത്ത് കോടതി മുഖാന്തിരം ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക്ക് സയൻസ് ലാബിലേക്ക് അയച്ചു. സൈബർ ഇടങ്ങളിൽ കുട്ടികളെ സംബന്ധിച്ച അശ്ലീലം തെരഞ്ഞവരാണ് പോലീസ് നടപടിക്ക് വിധേയരായത്.
പ്രധാനമായും ജില്ലക്കുള്ളിൽ താമസിച്ച് ജോലിചെയ്ത് വരുന്ന അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. പിടികൂടിയ ഉപകരണങ്ങളുടെ ഫോറൻസിക് പരിശോധനാ ഫലം വന്നശേഷം കുറ്റവാളികൾക്കെതിരെ കൂടുതൽ നടപടികൾ ഉണ്ട ാവുമെന്ന് സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് അറിയിച്ചു.
കൊല്ലം സിറ്റി സി ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ സക്കറിയാ മാത്യുവിന്റെയും സിറ്റി സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.ജയകുമാറിന്റേയും നേതൃത്വത്തിൽ സിറ്റി സൈബർ സെല്ലാണ് റെയ്ഡ് നടപടികൾ ഏകോപിപ്പിച്ചത്.