അയ്യപ്പൻകോവിൽ കൊച്ചുപാലം ഏഴുമാസം വെള്ളത്തിനടിയിൽ
1263082
Sunday, January 29, 2023 10:35 PM IST
ഉപ്പുതറ: അയ്യപ്പൻകോവിൽ തൂക്കുപ്പാലത്തിനു സമീപം നിർമിക്കാൻ പദ്ധതിയിട്ട കോൺക്രീറ്റ് പാലത്തിന്റെ നടപടികൾ ഇഴയുന്നു. എസ്റ്റിമേറ്റടക്കമുള്ള നടപടികൾ ആരംഭിച്ചെങ്കിലും തുടർനടപടികൾ അനിശ്ചിതത്വത്തിലാണ്. അധികൃതരുടെ പ്രഖ്യാപനങ്ങൾ വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുമോ എന്ന ആശങ്കയിലാണു പ്രദേശവാസികൾ.
അയ്യപ്പൻകോവിൽ തൂക്കുപാലത്തിനു സമീപം വാഹനയാത്രയ്ക്കായി പാലം നിർമിക്കണമെന്ന ആവശ്യത്തിനു കാലങ്ങളുടെ പഴക്കമുണ്ട്. വർഷങ്ങൾക്കു മുമ്പ് പ്രാഥമിക ഘട്ടമായ പൈലിംഗ് ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചെങ്കിലും പാലം നിർമിക്കുന്നതിനുള്ള ഫണ്ട് അനുവദിച്ചില്ല. കഴിഞ്ഞ വർഷം പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാകുകയും എസ്റ്റിമേറ്റ് നടപടികളിലേക്കു നീങ്ങുകയും ചെയ്തിരുന്നു. എന്നാൽ, എസ്റ്റിമേറ്റ് നടപടികൾ ഇനിയും പൂർത്തിയാക്കിയിട്ടില്ല.
ഇടുക്കി ജലാശയത്തിലെ വെള്ളമിറങ്ങിയതോടെ ഇവിടെയുള്ള കൊച്ചുപാലം ഗതാഗത യോഗ്യമായി.
അതിനാൽ നിലവിൽ അയ്യപ്പൻകോവിൽ ഭാഗത്തുനിന്നു കാഞ്ചിയാർ കോഴിമലയിലേക്കു വാഹനയാത്ര സാധ്യമാണ്.
വർഷത്തിൽ അഞ്ചു മാസം മാത്രമേ ഈ പാലത്തിലൂടെ യാത്ര സാധ്യമാകൂ. ബാക്കി ഏഴു മാസവും പാലം വെള്ളത്തിനടിയിലാണ്. ഈ സമയം കിലോമീറ്ററുകൾ ചുറ്റി വേണം യാത്ര ചെയ്യാൻ. കാൽനടയാത്രയ്ക്ക് തൂക്കുപാലമുണ്ടെങ്കിലും വാഹനത്തിൽ യാത്ര സാധ്യമാകാത്തതിനാൽ രോഗികളെയും മറ്റും ആശുപത്രിയിലെത്തിക്കാൻ വലിയ ദുരിതമാണ് അനുഭവിക്കുന്നത്.
പാലം നിർമാണത്തിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.