അനധികൃതമായി മണ്ണ് ഇടിച്ചു കടത്തല്‍: ജെസിബിയും ടിപ്പറും പിടികൂടി
1227587
Wednesday, October 5, 2022 11:18 PM IST
അഞ്ചല്‍ : അനുമതിയോ മതിയായ രേഖകളോ ഇല്ലാതെ മണ്ണ് ഇടിച്ചു കടത്തിയ ജെസിബിയും ടിപ്പറും ഏരൂര്‍ പോലീസ് പിടികൂടി. ആലഞ്ചേരി മുതലാറ്റില് നിന്നുമാണ് വാഹനങ്ങള്‍ പോലീസ് പിടികൂടിയത്.
എരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഏരൂർ, ആലഞ്ചേരി, ഭാരതീപുരം മേഖലകളിൽ ഈ വാഹനങ്ങൾ ഉപയോഗിച്ച് രാത്രികാലങ്ങളിൽ അനധികൃതമായി കരമണ്ണു ഖനനം ചെയ്തു കൊണ്ടുപോകുന്നതായി കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഏരൂർ എസ്ഐ എസ്. ശരലാലും സംഘവും നടത്തിയ പരിശോധനയിലാണ് ജെസിബിയും ടിപ്പറും പിടികൂടിയത്.
ടിപ്പർ ഡ്രൈവർ ആലഞ്ചേരി ആരോമൽ ഭവനിൽ ആരോമല്‍, ജെസിബി ഓപ്പറേറ്റർ തെന്മല ഇടമൺ 34 ഈട്ടിമൂട്ടിൽ വീട്ടിൽ അനീഷ് കുമാർ എന്നിവരെ അറസ്റ്റ് ചെയ്തശേഷം ജാമ്യത്തില്‍ വിട്ടയച്ചു. പിടികൂടിയ ടിപ്പറും ജെസിബിയും ആലഞ്ചേരി സ്വദേശി പ്രജീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് എന്നും വാഹനങ്ങള്‍ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.