യുവതിയെ ആക്രമിച്ച പ്രതി അറസ്റ്റിൽ
1225629
Wednesday, September 28, 2022 10:59 PM IST
കൊല്ലം: മുൻവിരോധം നിമിത്തം യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചും ചീത്ത വിളിച്ചും മാനഹാനിപ്പെടുത്തിയ പ്രതിയെ കൊട്ടിയം പോലീസ് പിടികൂടി. പേരയം, വിനീത് ഭവനിൽ ബീഡി കിച്ചു എന്ന വിനീത് (24) ആണ് പോലീസ് പിടിയിൽ ആയത്. അയൽവാസിയായ യുവതിയും കുടുംബവും സ്ഥലത്ത് നിന്നും ഒഴിഞ്ഞ് പോകണമെന്ന് ഇയാൾ പലപ്പോഴും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ അവർ അതിന് തയ്യാറാകാത്തതിലുള്ള വിരോധം നിമിത്തം പ്രതി കഴിഞ്ഞ 26ന് രാത്രി ഒന്പതോടെ യുവതിയും കുടുംബവും താമസിച്ച് വന്ന വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെ ശരീരത്തിൽ കയറി പിടിക്കുകയും വസ്ത്രം വലിച്ച് കീറി മാനഹാനിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് യുവതി ബഹളം വച്ചപ്പോൾ യുവതിയേയും കുടുംബത്തേയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി പുറത്തിറങ്ങി പടക്കം കത്തിച്ച് വീട്ടിനുള്ളിലേക്ക് എറിയുകയും ചെയ്തു.
യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കൊട്ടിയം പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുന്പും സമാനകുറ്റകൃത്യങ്ങളിൽ പിടിയിലായിട്ടുള്ള ആളാണ് അറസ്റ്റിലായ വിനീത്. കൊട്ടിയം പോലീസ് ഇൻസ്പെക്ടർ ജിംസ്റ്റൽ എം.സിയുടെ നേതൃത്വത്തിൽ എസ്ഐമാരായ ഷിഹാസ്, രാധാകൃഷ്ണപിള്ള, ഷാജി, സിപിഒ അനൂപ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.