വിദ്യാഭ്യാസം പ്രധാന നിക്ഷേപം: മന്ത്രി
1224990
Monday, September 26, 2022 11:25 PM IST
കൊല്ലം: വിദ്യാഭ്യാസത്തെ പ്രധാന നിക്ഷേപമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മന്ത്രി കെ. എന്‍. ബാലഗോപാല്‍. തേവന്നൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കൻഡറി സ്കൂളിലെ പ്രതിഭാ സംഗമവും അവാര്‍ഡ്ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂലധനവിനിയോഗത്തിന്റെ ചരിത്രം മാറ്റിയെഴുതിയ ഭരണസംവിധാനമാണ് കേരളത്തിലേത്. അതു കൊണ്ടാണ് വിദ്യാഭ്യാസ രംഗത്തെ വലിയ പദ്ധതികള്‍ക്കായി കൂടുതല്‍ പണം നല്‍കുന്നത്. വിദ്യാസമ്പന്നതയിലൂടെ മികവുള്ള നാടാക്കി കേരളത്തെ മാറ്റിയെടുക്കുകയാണ്.
സൗകര്യങ്ങള്‍ വികസിപ്പിച്ച് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്ന പശ്ചാത്തലത്തില്‍ സാമൂഹ്യ തിന്മകള്ക്കെതിരെ അണിനിരക്കാന്‍ വിദ്യാര്‍ഥി സമൂഹം തയാറാകാണം. മയക്ക്മരുന്നു പോലെയുള്ള അത്യാപത്തുകള്ക്കെതിരെ സര്‍ക്കാരിനൊപ്പം പോരാടാന്‍ തയാറാകാണം. വരുന്ന ഒരു മാസക്കാലയളവില്‍ വിവിധ തട്ടുകളിലായി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും പൊതുസമൂഹവും കൈകോര്‍ക്കണം എന്നും മന്ത്രി ഓര്‍മിപ്പിച്ചു.
വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ പൂര്‍വവിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവരെ മന്ത്രി ആദരിച്ചു. പുരസ്കാരങ്ങളും കൈമാറി. ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി സന്തോഷ് നായരുടെ മ്യൂസിക് ആല്‍ബത്തിന്റെ പ്രകാശനവും നിര്‍വഹിച്ചു.
പിടിഎ പ്രസിഡന്റ് കെ. സജീവ് അധ്യക്ഷനായി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ലതിക വിദ്യാധരന്, ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ്, കവി കുരീപ്പുഴ ശ്രീകുമാര്‍, പ്രിന്‍സിപ്പല്‍ എ.ഉനൈസ, ഹെഡ്മിസ്ട്രസ് സി.എസ്. അമൃത, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.