ആളൊരുങ്ങി അരങ്ങൊരുങ്ങി; കലോത്സവത്തിന് ഇന്ന് തിരിതെളിയും
1480338
Tuesday, November 19, 2024 7:31 AM IST
പയ്യന്നൂര്‍: ജില്ലാ സ്കൂള്‍ കലോത്സവത്തിന് പ്രധാന വേദിയായ ബോയ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഇന്ന് തിരിതെളിയും. ഇനി അഞ്ചുനാള്‍ ആസ്വാദക ഹൃദയങ്ങള്‍ക്ക് കലാവിരുന്നൂട്ടുന്ന ദിനങ്ങളാകും. ഇന്നു വൈകുന്നേരം നാലിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്കലോത്സവ ദീപത്തില്‍ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്യും. ടി.ഐ.മധുസൂദനന് എംഎൽഎ അധ്യക്ഷത വഹിക്കും. വി. ശിവദാസന്‍ എംപി, എം.വിജിന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി എന്നിവര്‍ മുഖ്യാതിഥികളും സിനിമാ-ടിവി ആര്‍ട്ടിസ്റ്റ് ഉണ്ണിരാജ വിശിഷ്ടാതിഥിയുമാകും. ഡിഡിഇ ബാബു മഹേശ്വരി പ്രസാദ് സ്വാഗതം പറയും.
15 സബ് ജില്ലകളിലെ 10,695 പ്രതിഭകള്‍ 17 വേദികളിലായി 319 ഇനം മത്സരങ്ങളില്‍ മാറ്റുരക്കും. രചനാ മത്സരങ്ങള്‍ ഒന്നാം ദിവസമായഇന്ന് സമാപിക്കും. യുപി വിഭാഗത്തില്‍ 38, ഹൈസ്കൂള്‍ വിഭാഗത്തില്‍ 101, ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 110 എന്നിങ്ങനെ 249 ജനറല്‍ ഇനങ്ങളാണ് ഉണ്ടാവുക. സംസ്കൃതം കലോത്സവത്തിന് 38 ഇനങ്ങളിലും അറബിക് കലോത്സവത്തില്‍ 32 ഇനങ്ങളും ഉണ്ടായിരിക്കും.
ഉത്സവാന്തരീക്ഷത്തിലാണ് കലോത്സവ പാചകശാലയിലെ പാലുകാച്ചല്‍ നടന്നത്. ടി.ഐ.മധുസൂദനന് എംഎല്‍എ പുത്തനടുപ്പില്‍ അഗ്നി പകര്‍ന്നു. പാചകരത്നം കെ.യു ദാമോദര പൊതുവാളിന്റെ മേല്‍നോട്ടത്തിലായിരുന്നു പാലുകാച്ചല്‍.
കലോത്സവത്തിന്റെ രജിസ്ട്രേഷന് ഉദ്ഘാടനം പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്സൺ കെ.വി. ലളിത നിര്‍വഹിച്ചു. മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ക്കുള്ള പങ്കാളിത്ത കാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. വിവിധ സബ് ജില്ല കണ്‍വീനര്‍മാര്‍ കാര്‍ഡുകള്‍ ഏറ്റുവാങ്ങി.
നഗരം വര്‍ണാഭമാക്കാന്‍ വ്യാപാരികള്‍
ജില്ലാ സ്കൂൾ കലോത്സവവും പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആരാധന മഹോത്സവം നടക്കുമ്പോള്‍ പയ്യന്നൂര്‍ നഗരം വൈദ്യുത ദീപാലങ്കാരത്താല്‍ ആകര്‍ഷകമാക്കാന്‍ വ്യാപാരികളും. ടി.ഐ. മധുസുദനന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ പയ്യന്നൂര്‍ നഗരസഭയില്‍ വിളിച്ചു ചേര്‍ത്ത ഹോട്ടല്‍ വ്യാപാരി സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് പയ്യന്നൂരിനെ കളറാക്കാന്‍ വ്യാപാരികളും സഹകരണം പ്രഖ്യാപിച്ചത്.
കലോത്സവത്തിനായി നഗരത്തിലെത്തിച്ചേരുന്നവര്ക്ക് ആവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിന് കച്ചവട സ്ഥാപനങ്ങള്‍ രാത്രി 10വരെ തുറന്ന് പ്രവര്‍ത്തിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
ഇന്നത്തെ മത്സരയിനങ്ങളും വേദികളും
രാവിലെ പത്തിന് രചനാ മത്സരങ്ങള്‍ ആരംഭിക്കും. ജിഎച്ച്എസ്എസില്‍ ഒന്ന്,രണ്ട് നമ്പര്‍ മുറികളില്‍ ചിത്ര രചനാ മത്സരങ്ങള്‍. മൂന്നാം നമ്പര്‍ മുറിയില്‍ ഹിന്ദി കഥാരചന, ഉപന്യാസ രചന, കൊളാഷ്, കാര്‍ട്ടൂണ്‍ മത്സരങ്ങള്‍. റൂം നാലില്‍ ഇംഗ്ലീഷ് ഉപന്യാസ രചനകള്‍,ഹിന്ദി കവിതാ രചന. റൂം അഞ്ചില്‍ മലയാളം കവിതാ രചന, കഥാരചന, തമിഴ് കവിതാ രചന, കന്നട കവിതാ രചന.റൂം ആറില്‍ ഇംഗ്ലീഷ് കവിതാ രചന, മലയാളം ഉപന്യാസ രചന,ഇംഗ്ലീഷ് കഥാരചന. റൂം എഴില്‍ ഉറുദു ഉപന്യാസ രചന, കവിതാ രചന, കഥാരചന. റൂം എട്ടില്‍ ഉറുദു ക്വിസ്.
റൂം ഒന്‍പതില്‍ അറബിക് ഉപന്യാസ രചന, കഥാരചന,കവിതാ രചന. റൂം 10ല്‍ സംസ്കൃതം ഉപന്യാസ രചന, കഥാരചന, കവിതാ രചന.റൂം 11ല്‍ സംസ്കൃതം സമസ്യാപൂരണം, പ്രശ്നോത്തരി. റൂം 12ല്‍ ഹൈസ്കൂള്‍ വിഭഗം സംസ്കൃത ഉപന്യാസ രചന കവിതാ രചന, കഥാരചന.റൂം 13,14ല്‍ യുപി-ഹൈസ്കൂള്‍ അറബിക് പ്രശ്നോത്തരി. 15ല്‍ യുപി അറബിയിലേക്ക് വിവര്‍ത്തനം,ഹൈസ്കൂള്‍ അറബിയിലേക്ക് വിവര്‍ത്തനം,പദകേളി,അടിക്കുറിപ്പ് രചന, പോസ്റ്റര്‍ രചന,നിഘണ്ഡു നിര്‍മ്മാണം.ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ കേരള നടനം.ബോയ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഹൈസ്കൂള്‍ അറബിനാടകം.സെന്റ് മേരീസ് സ്കൂള്‍ ഗ്രൗണ്ടില്‍ ബാൻഡ് മേളം. സെന്റ് മേരീസ് സ്കൂളിന് മുന്‍വശം ഓട്ടന്‍ തുള്ളല്‍. ഗാന്ധിപാര്‍ക്കില്‍ ഓടക്കുഴല്‍, ഗിത്താര്‍, വീണ. ബിഇഎംഎല്‍പി മുന്‍വശ ഓഡിറ്റോറിയം അറബന മുട്ട്.ലൈബ്രറി ഹാളില്‍ പ്രസംഗം,പദ്യം.
പൂരക്കളി വേദിയില്‍ മാറ്റം
ഇന്നുരാവിലെ 9.30ന് വേദി 16ല്‍ (പയ്യന്നൂര്‍ സബ്ട്രഷറിക്ക് മുന്‍വശം) ആരംഭിക്കേണ്ട ഹൈസ്കൂള്‍,ഹയര്‍ സെക്കൻഡറി സ്കൂള്വിഭാഗങ്ങളുടെ പൂരക്കളി മത്സരം വേദി എഴിലേക്ക് (ഷേണായി ടൗണ്‍ സ്ക്വയര്‍)മാറ്റിയതായും സമയത്തില്‍ മാറ്റമില്ലെന്നും ഡിഡിഇ അറിയിച്ചു.