മാധ്യമങ്ങളെ നിലനിര്‍ത്തേണ്ടത് സമൂഹത്തിന്റെ കടമ: ജഡ്ജ് സാനു എസ്. പണിക്കര്‍
1460996
Monday, October 14, 2024 7:21 AM IST
കാഞ്ഞങ്ങാട്:ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ നിലനിര്‍ത്തേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി ശക്തമായ നിയമനിര്‍മാണം നടത്തേണ്ടതുണ്ടെന്നും മാധ്യമങ്ങള്‍ പ്രതിപക്ഷത്തിന്റെ ധര്‍മം നിര്‍വഹിക്കാന്‍ തയാറാവണമെന്നും കാസര്‍ഗോഡ് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് സാനു എസ്. പണിക്കര്‍.
ഹൊസ്ദുര്‍ഗ് കോടതി പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇ. ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ ഗവ. പ്ലീഡര്‍ പി. വേണുഗോപാലന്‍ നായര്‍, കാസര്‍ഗോഡ് ബാര്‍ അസോസിയേഷന് പ്രസിഡന്റ് കെ. മണികണ്ഠന് നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. മീഡിയ കമ്മറ്റി ചെയര്മാന് എം. ജയചന്ദ്രന് സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ എ. മണികണ്ഠന് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന സെമിനാറില്‍ സമകാലിക ഇന്ത്യന്‍ മാധ്യമങ്ങള്‍- സമസ്യകളും സാധ്യതകളും എന്ന വിഷയത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് വെങ്കിടേഷ് രാമകൃഷ്ണന് വിഷയാവതരണം നടത്തി. മാധ്യമപ്രവര്‍ത്തകരായ എം.ജെ. ബാബു, യു.പി. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ നന്ദി പറഞ്ഞു .