നിയമപരമായി ഖനനാനുമതി ലഭിച്ച ചെങ്കല്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് തടസമില്ല: കളക്ടർ
1457660
Monday, September 30, 2024 1:41 AM IST
കാസര്‍ഗോഡ്: ചെങ്കല്‍ ഉത്പാദക ഉടമസ്ഥ ക്ഷേമ സംഘം സമര സമിതി നടത്തി വരുന്ന റിലേ നിരാഹാര സത്യാഗ്രഹം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി എംഎല്‍എമാരായ എന്‍.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു എന്നിവരുടെ സാന്നിധ്യത്തില്‍ സമര സമിതി നേതാക്കളുമായി ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ചര്‍ച്ച നടത്തി.
നിയമപരമായി ഖനനാനുമതി ലഭിച്ച ചെങ്കല്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് യാതൊരു തടസവും ഉണ്ടായിരിക്കില്ലെന്നും പാസോ പെര്‍മിറ്റോ ഇല്ലാതെ കടത്തുന്നതും നിയമലംഘനം നടത്തുന്നതുമായ വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമുള്ളതിനാല്‍ നടപടികള്‍ നിർത്തിവെക്കാൻ സാധിക്കില്ലെന്നും കളക്ടര്‍ പറഞ്ഞു. ആവശ്യങ്ങള്‍ ജില്ലാ തലത്തില്‍ പരിഹരിക്കാന്‍ സാധിക്കാത്തതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ ഉന്നയിക്കാന്‍ നിര്‍ദേശിച്ചു.
പിടിച്ചെടുത്ത വാഹനങ്ങള്‍ കഴിവതും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി വിട്ടുനല്‍കാന്‍ നടപടിയെടുക്കുമെന്ന് കളക്ടര്‍ ഉറപ്പ് നല്കി. പട്ടയഭൂമിയില്‍ ചെങ്കല്‍ ഖനനാനുമതി നല്‍കണമെന്ന വിഷയത്തില്‍ സര്‍ക്കാര്‍ തലത്തിലുള്ള തീരുമാനം ആവശ്യമാണ്. നിലവിലെ നിയമ പ്രകാരം മറ്റ് ആവശ്യങ്ങള്‍ക്ക് പട്ടയം നല്കിയ ഭൂമിയില്‍ ചെങ്കല്‍ ക്വാറികള്‍ നടത്താന്‍ അനുമതി നല്കാന് നിര്‍വാഹമില്ലെന്ന് കളക്ടര്‍ അറിയിച്ചു. പാരിസ്ഥിതിക പ്രശ്നങ്ങള്‍ കൂടി ഉള്പെട്ടതിനാല് ഗ്രീന്‍ ട്രിബ്യൂണലിന്റെ നിര്‍ദേശം കൂടി ആവശ്യമാണ്. ചെങ്കല്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുന്നതിനും നിര്‍ദേശങ്ങള്‍ നല്കുന്നതിനുമായി ഒരു പ്രത്യേക കമ്മറ്റിയെ നിയോഗിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സമരസമിതി നേതാക്കളായ നാരായണന്, ഹുസൈന് ബേര്‍ക്ക, കെ. സുധാകര, കെ. മണികണ്ഠന്, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ പി. സുര്‍ജിത്ത്, ജില്ലാ ജിയോളജിസ്റ്റ് കെ.കെ. വിജയ, തഹസില്‍ദാര്‍മാരായ ജയപ്രസാദ്, സി. അജയന്, എം. ശ്രീനിവാസ്, പി.വി. മുരളി, മഞ്ചേശ്വരം ഭൂരേഖ താഹ്സില്‍ദാര്‍ ജെ. ലാല്‍ എന്നിവര്‍ പങ്കെടുത്തു.