ഓട്ടോഡ്രൈവറുടെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും
1454547
Friday, September 20, 2024 1:56 AM IST
കാസര്‍ഗോഡ്: ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഉപ്പള പൊസോട്ടെ അബൂബക്കര്‍ സിദ്ദിഖിനെയാണ് (45) കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജ് അജിത്യാരാജ് ഉണ്ണി ശിക്ഷിച്ചത്. ഉപ്പള ഹിദായത്ത് നഗറിലെ മുഹമ്മദ് സമീറിനെ(26) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. പിഴ തുക കൊല്ലപ്പെട്ട സമീറിന്റെ വീട്ടുകാര്‍ക്ക് നല്‍കാനും വിധിച്ചു. കേസിലെ രണ്ടാം പ്രതി ഹാറൂണ്‍ റഷീദ് ഒളിവിലാണ്. മൂന്നാംപ്രതി മുഹമ്മദ്കുഞ്ഞി നേരത്തെ മരിച്ചു.
2008 ഓഗസ്റ്റ് 24ന് രാത്രി എട്ടിനാണ് ഉപ്പള പൊസോട്ട് ദേശീയപാതയിലാണ് നാടിനെ നടുക്കിയ കൊലപാതകം.
സമീറിന്റെ സുഹൃത്തായ ഉപ്പള മണിമുണ്ടയിലെ അബ്ദുള്‍ മുനീര്‍ അയല്‍വാസിയായ യുവതിയുമായി പ്രണയത്തിലായിരുന്നു. മുനീറിന്റെ അമ്മാവനാണ് കേസിലെ ഒന്നാംപ്രതി അബൂബക്കര്‍ സിദ്ദിഖ്.
ഈ ബന്ധത്തെ ഇരുവീട്ടുകാരും എതിര്‍ത്തു. ഇതു മറികടന്നുകൊണ്ട് കുഞ്ചത്തൂരിലുള്ള സഹോദരിയുടെ വീട്ടില്‍ മുനീറും യുവതിയും തമ്മിലുള്ള നിക്കാഹ് നടന്നു. ഇതില്‍ പ്രകോപിതരായ മുനീറിന്റെ ബന്ധുക്കള്‍ വിവാഹദിവസം തന്നെ മുനീറിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകായിരുന്നു. മുനീറും സുഹൃത്തുക്കളും സമീറിന്റെ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നുണ്ടെന്ന വിവരമറിഞ്ഞ് പൊസോട്ട് കാത്തിരുന്ന മൂന്നംഗ സംഘം ഓട്ടോ തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നു.
മുനീറിനെ കത്തി കൊണ്ട് കുത്തികൊലപ്പെടുത്താന്‍ ശ്രമിക്കുന്നതുകണ്ട് തടയാന്‍ ചെന്നപ്പോഴാണ് സമീറിന് കുത്തേറ്റത്. കൊലപാതകത്തിനു ശേഷം ഗള്‍ഫിലേക്ക് കടന്ന അബൂബക്കര്‍ സിദ്ദിഖിനെ 2012ല്‍ അന്നത്തെ കുമ്പള സി ഐ ടി.പി.രഞ്ജിത്താണ് അറസ്റ്റു ചെയ്തത്.
പിന്നീട് കുമ്പള സിഐ ആയിരുന്ന കെ. ദാമോദരന്‍ അന്വേഷിച്ച കേസ് ഇപ്പോഴത്തെ കാസര്‍ഗോഡ് സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സിബി തോമസാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ഗവ.പ്ലീഡര്‍ പി.സതീശന്, അമ്പിളി എന്നിവര്‍ ഹാജരായി.