മരുതുകുന്നിൽ ഖനനപ്രവർത്തനം ഒഴിവാക്കണം: സിപിഎം
1454248
Thursday, September 19, 2024 1:42 AM IST
വെള്ളരിക്കുണ്ട്: വടക്കാംക്കുന്ന് മരുതുകുന്നിൽ ഖനനപ്രവർത്തനം പൂർണമായി ഒഴിവാക്കണമെന്ന് സിപിഎം തോടംചാൽ ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇവിടെ കരിങ്കൽ ഖനനം നടത്തുവാനുള്ള പ്രവർത്തവുമായി ആറോളം കമ്പനികൾ അനുമതിക്കായി കാത്തിരിക്കുകയാണ്. ഉദ്യാഗസ്ഥരെ സ്വാധീനിച്ച് വിവിധ ഡിപ്പാർട്ട്മെന്റിൽ നിന്ന് വാങ്ങിയെടുത്ത ക്ലിയറൻസ് സർട്ടിഫിക്കറ്റുമായി കോടതിയെ സമീപിക്കുകയാണ് ഇത്തരം കമ്പനികൾ ചെയ്തു വരുന്നത്.
കിനാനൂർ-കരിന്തളം പഞ്ചായത്തിലെ ഏറ്റവും വലിയ കുന്നാണ് വടക്കാക്കുന്ന്. ഇതിന്റെ ചെരിവും ഉയരവും ശാസ്ത്രീയമായി രേഖപ്പെടുത്തിയിട്ടില്ല. താഴ് വാരത്തുള്ള ജനങ്ങളുടെ കുടിവെള്ളസ്രോതസും ഈ മലമുകളിലാണ്. പതിച്ചു നൽകിയ ഭൂമിയും പട്ടിക വർഗ്ഗ കുടുംബത്തിന് നൽകിയ ഭൂമിയും മിച്ചഭൂമിയും ഇവിടെയുണ്ട്. ഇതെല്ലാം കൃത്യമായ സർവ്വെയിലൂടെ കണ്ടെത്തണം. മരുതുകുന്നിൽ ടൺ കണക്കിന് മണ്ണ് നീക്കം ചെയ്താൽ മാത്രമേ ഖനനം സാധ്യമാകൂ. എംഎൽഎയുടെ അധ്യക്ഷതയിൽ കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ വിവിധ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ ഇവിടെ ഖനനത്തിന് അനുയോജ്യമല്ലെന്ന് രേഖപ്പെടുത്തിയിരുന്നു.എന്നാൽ അന്ന് അവതരിപ്പിച്ച അതേ റിപ്പോർട്ട് മേശപ്പുറത്ത് വെക്കുവാൻ തയ്യാറായില്ല.
യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയ പാർട്ടി നേതാക്കളോടും ജനപ്രതിനിധികളോടും സംരക്ഷണ സമിതി അംഗങ്ങളോടും വിവരാവകാശ പ്രകാരം മാത്രമേ റിപ്പോർട്ട് നൽകാൻ കഴിയൂ എന്നാണ് എഡിഎം പറഞ്ഞത്.പിന്നീട് വിവരാവകാശ നൽകി വാങ്ങിയപ്പോൾ മറ്റൊരു റിപ്പോർട്ടാണ് ലഭിച്ചത്.ഇതിൽ തന്നെ ഉദ്യാഗസ്ഥരുടെ ഒളിച്ചുകളി വ്യക്തമാണ്. ആയതിനാൽ കൃത്യമായ പരിശോധന നടത്തി ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുകയും ഇത്തരം ഉദ്യാഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം ഉൾപ്പെടെ നടത്തുകയും ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെട്ടു.