കെഎസ്ആർടിസി സർവീസുകൾ കൂട്ടത്തോടെ മുടങ്ങി; ജനം പെരുവഴിയിൽ
1452342
Wednesday, September 11, 2024 1:46 AM IST
വെള്ളരിക്കുണ്ട്: കെഎസ്ആർടിസി ബസുകൾ കൂട്ടത്തോടെ മുടങ്ങിയതോടെ വിദ്യാർഥികളടക്കമുള്ള യാത്രകൾ പെരുവഴിയിൽ. ഫുൾ ടിക്കറ്റ് കൊടുത്തു യാത്ര ചെയ്യുന്ന വിദ്യാർഥികൾക്കും നാട്ടുകാർക്കും ഉപകാരപ്രദമായ കാഞ്ഞങ്ങാട് ഡിപ്പോയുടെ മൂന്നു കെഎസ്ആർടിസി ബസുകളാണ് സർവീസ് നടത്താതിരുന്നത്.
അതും ഓണപരീക്ഷ നടക്കുന്ന വേളയിൽ. പാത്തൻപാറ-ആലക്കോട്-ചെറുപുഴ-കാഞ്ഞങ്ങാട്, നീലേശ്വരം-എളേരി-മാലോം, കാഞ്ഞങ്ങാട്-ചെറുവത്തൂർ-ചീമേനി-പള്ളിപ്പാറ-എളേരി കോളജ് റൂട്ടിലോടുന്ന ബസുകളാണ് മുടങ്ങിയത്.
എളേരിത്തട്ട് കോളജ്, വരക്കാട് എച്ച്എസ്എസ്, കോട്ടമല എംജിഎം യുപി സ്കൂൾ, തോമാപുരം സെന്റ് തോമസ് സ്കൂൾ തുടങ്ങിയ സ്കൂളുകളിലേക്ക് പോകേണ്ടതും തിരിച്ചു വരേണ്ടതുമായ നൂറുകണക്കിന് വിദ്യാർഥികളാണ് പെരുവഴിയിലായത്.