നാടും നഗരവും ഓണത്തിരക്കിലേക്ക്
1450970
Friday, September 6, 2024 1:47 AM IST
കാഞ്ഞങ്ങാട്: കാലാവസ്ഥയ്ക്ക് പിന്നാലെ ഓണത്തിനും കാലവും കണക്കും തെറ്റിയതിന്റെ പരിഭവത്തോടെ നാടും നഗരവും ഓണത്തിരക്കിലേക്കുണരുന്നു. സാധാരണ ഗതിയിൽ ഓഗസ്റ്റ് രണ്ടാംപകുതിയിലോ സെപ്റ്റംബർ ആദ്യമോ വന്നിരുന്ന ഓണം ആദ്യമായാണ് സെപ്റ്റംബർ 15 ലേക്ക് നീളുന്നത്. ഓണത്തോടൊപ്പം വരേണ്ട ശ്രീനാരായണ ഗുരു ജയന്തിയും അയ്യങ്കാളി ജയന്തിയും ശ്രീകൃഷ്ണജയന്തിയുമെല്ലാം നേരത്തേ കഴിഞ്ഞുപോയി. ഇതാദ്യമായി നബിദിനം ഓണത്തോടൊപ്പം വരുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
ഓണത്തിന്റെ മുന്നൊരുക്കങ്ങൾക്ക് കൂടുതൽ ദിവസങ്ങൾ കിട്ടിയത് വിപണിക്ക് നേരിയ തോതിലെങ്കിലും ഗുണം ചെയ്യുമെന്ന പ്രതീക്ഷയുണ്ട്. മഴ കുറച്ചൊന്ന് വിട്ടുമാറുന്നതിനും വയനാട് ദുരന്തമുൾപ്പെടെയുള്ള നാശനഷ്ടങ്ങളുടെ ആഘാതത്തിൽ നിന്ന് നാട് കരകയറിത്തുടങ്ങുന്നതിനും സമയം കിട്ടി. അതേസമയം സർക്കാർ തലത്തിൽ ഓണാഘോഷങ്ങൾ വേണ്ടെന്നുവച്ചത് വലിയ തിരിച്ചടിയാണ്. ഓണസദ്യകളുടെ കരാർ ഏറ്റെടുക്കുന്ന കാറ്ററിംഗ് ഏജൻസികൾക്കും പൂക്കച്ചവടക്കാർക്കുമെല്ലാം അത് കനത്ത നഷ്ടമുണ്ടാക്കും. സ്കൂളുകളിലും കോളജുകളിലുമുൾപ്പെടെ ഓണാഘോഷങ്ങൾക്ക് പൊലിമ കുറയുന്നതും വിപണിക്ക് തിരിച്ചടിയാകും. സാലറി ചാലഞ്ച് ഉൾപ്പെടെയുള്ള സാമ്പത്തികബാധ്യതകൾ മുന്നിൽവന്നു നില്ക്കുന്നത് സർക്കാർ ഉദ്യോഗസ്ഥരെ അധികം പണം ചെലവാക്കുന്നതിൽനിന്ന് പിന്നോട്ടുവലിക്കാനും സാധ്യതയുണ്ട്.
ഇലക്ട്രോണിക്, മൾട്ടിമീഡിയ ഉപകരണങ്ങൾ തന്നെയാണ് പതിവുപോലെ വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നത്. സ്മാർട്ട് ടിവിക്കും ഫ്രിഡ്ജും വാഷിംഗ് മെഷീനുമടക്കമുള്ള ഗൃഹോപകരണങ്ങൾക്കുമെല്ലാം ആകർഷകമായ ഇഎംഐ സ്കീമുകളുള്ളതിനാൽ ഇടത്തരം വരുമാനമുള്ളവർക്കും കൈയെത്തിപ്പിടിക്കാൻ കഴിയുന്നു. വാഹനവിപണിയും സജീവമാണ്. മഴക്കാലം തുടങ്ങിയതോടെ എസിയുടെ വില്പനയിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും അടുത്ത വേനലിനായുള്ള മുന്നൊരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു.
ദിനംപ്രതി മാറിമറിയുന്ന റെഡിമെയ്ഡ് ഫാഷനുകൾക്ക് പിന്നാലെയാണ് വസ്ത്രവിപണി. പുതുതലമുറയുടെ വസ്ത്രവൈവിധ്യത്തിന്റെ കാര്യത്തിൽ പെൺകുട്ടികളും ആൺകുട്ടികളും ഒപ്പത്തിനൊപ്പം മത്സരിക്കുകയാണ്. അതിനൊപ്പം പാരമ്പര്യത്തിന്റെ ശേഷിപ്പുകളും ഉത്സവകാല റിബേറ്റുമായി കൈത്തറി-ഖാദി മേഖലയും ഓണവിപണിയിൽ സജീവമായിട്ടുണ്ട്. മാവേലി സ്റ്റോറുകളും കൺസ്യൂമർഫെഡ് ഓണച്ചന്തകളുമെല്ലാം പേരിനു മാത്രമായതോടെ വിലക്കയറ്റത്തിന്റെ കാലത്ത് നിത്യോപയോഗ സാധനങ്ങുടെയും പച്ചക്കറികളുടെയുമെല്ലാം കാര്യത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുകയാണ് സാധാരണക്കാർ. ഓണത്തോടടുത്ത നാളുകളിലെങ്കിലും സർക്കാർ ഓണച്ചന്തകൾ സജീവമാകുമെന്ന പ്രതീക്ഷ ബാക്കിയുണ്ട്.