വെള്ളരിക്കുണ്ട് ബാങ്കിൽ തത്സ്ഥിതി തുടരാൻ ഹൈക്കോടതി ഉത്തരവ്
1450534
Wednesday, September 4, 2024 7:19 AM IST
വെള്ളരിക്കുണ്ട്: നിലവിലുള്ള ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ ചുമതലയേല്പിക്കാൻ നീക്കം നടന്ന വെള്ളരിക്കുണ്ട് കാർഷിക ഗ്രാമവികസന ബാങ്കിൽ അടുത്തമാസം ഏഴുവരെ തത്സ്ഥിതി തുടരാൻ ഹൈക്കോടതി ഉത്തരവ്. സഹകരണ വകുപ്പിന്റെ തീരുമാനത്തിനെതിരെ നിലവിലുള്ള ഭരണസമിതി അംഗങ്ങൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായത്. ഉത്തരവിന്റെ പകർപ്പ് ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് നല്കി.
അതേസമയം തത്സ്ഥിതി എന്താണെന്നതിനെക്കുറിച്ച് ഇരുവിഭാഗങ്ങളും തമ്മിൽ തർക്കം നിലനില്ക്കുകയാണ്. യുഡിഎഫ് ഭരിക്കുന്ന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് മുൻ പ്രസിഡന്റ് സെബാസ്റ്റ്യൻ പതാലിലിന്റെ നേതൃത്വത്തിൽ മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ താത്കാലിക ചുമതലയേല്പിക്കാനായിരുന്നു സഹകരണവകുപ്പിന്റെ നീക്കം.
കോൺഗ്രസിനുള്ളിലെ അഭിപ്രായഭിന്നതകളെ തുടർന്നാണ് മാസങ്ങൾക്കു മുമ്പ് സെബാസ്റ്റ്യൻ പതാലിലിനെ അവിശ്വാസപ്രമേയത്തിലൂടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയത്. ഇതിനുശേഷം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ സഹകരണവകുപ്പ് മെല്ലെപ്പോക്കിലായിരുന്നു. സെബാസ്റ്റ്യനെ മുൻനിർത്തി ബാങ്കിനെ സിപിഎമ്മിന്റെ കൈകളിലെത്തിക്കാനാണ് നീക്കം നടക്കുന്നതെന്ന ആരോപണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതിനുശേഷം പാർട്ടിവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന സെബാസ്റ്റ്യനെതിരായി അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്ന് ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഡിസിസിക്കും കെപിസിസിക്കും ശിപാർശ നല്കിയിരുന്നു.
പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന പി. മുരളി ഉൾപ്പെടെ ബാങ്ക് ഭരണസമിതിയിലെ ഏഴംഗങ്ങൾ ചേർന്നാണ് സഹകരണ വകുപ്പിന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. സെബാസ്റ്റ്യൻ പതാലിൽ ഉൾപ്പെടെയുള്ളവരെയായിരുന്നു എതിർകക്ഷികളാക്കിയിരുന്നത്.
ഹൈക്കോടതി ഉത്തരവിന് മുമ്പായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചുമതലയേല്ക്കുന്നതിനുള്ള നീക്കം തടയാൻ ബാങ്കിന്റെ ഹെഡ് ഓഫീസിനും ശാഖകൾക്കും മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ദിവസങ്ങളായി ഉപരോധസമരം നടത്തുകയായിരുന്നു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾക്ക് ഇതുവരെ ഹെഡ് ഓഫീസിലെത്തി ചുമതലയേല്ക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ പി. മുരളിയുടെ നേതൃത്വത്തിലുള്ളതാണ് ബാങ്കിന്റെ നിലവിലുള്ള ഭരണസമിതിയെന്നും ഇവർക്ക് തുടരാൻ കഴിയുന്ന സാഹചര്യമാണ് ഹൈക്കോടതി ഉത്തരവിലൂടെ ലഭിച്ചതെന്നുമാണ് യുഡിഎഫ് പക്ഷത്തിന്റെ വ്യാഖ്യാനം.
അതേസമയം സഹകരണവകുപ്പ് അംഗീകരിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് നിലവിലുള്ള ഭരണസമിതിയെന്ന് മറുപക്ഷവും അവകാശപ്പെടുന്നു. കോടതിയിൽനിന്ന് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തർക്കവും ഉപരോധവും തുടരാനാണ് സാധ്യത.