ദേശീയപാതയിൽ യാത്രാദുരിതം
1441504
Saturday, August 3, 2024 1:06 AM IST
കാസർഗോഡ്: മഴയുടെ ആദ്യഘട്ടത്തിൽ തന്നെ ടാറിംഗ് ഇളകിയ സർവീസ് റോഡുകളിൽ വെള്ളക്കെട്ട് കൂടിയായതോടെ ദേശീയപാതയിൽ യാത്രാദുരിതം അതിരൂക്ഷമായി. പ്രധാന പാതയുടെ പണി പൂർത്തിയായിട്ടില്ലാത്തതിനാൽ മിക്കയിടങ്ങളിലും ബസുകളും ഭാരവാഹനങ്ങളുമുൾപ്പെടെ തിരിച്ചുവിടുന്നത് സർവീസ് റോഡുകളിലൂടെയാണ്.
എന്നാൽ അധികം ഉറച്ചിട്ടില്ലാത്ത മണ്ണിനു മുകളിൽ ഒരു ലെയർ ടാറിംഗ് മാത്രം നടത്തിയ സർവീസ് റോഡുകൾ പെട്ടെന്ന് തകരുകയാണ്.
റോഡിന്റെ വീതിയും തീരെ കുറവായതിനാൽ വാഹനങ്ങൾക്ക് കുഴിയിൽ ചാടാതെ പോകാനാവില്ല. ഇരുചക്രവാഹനങ്ങൾക്ക് ഇത് വലിയ അപകടസാധ്യതയുമാകുന്നു.
മിക്കയിടങ്ങളിലും ഓവുചാൽ നിർമാണം പാതിവഴിയിലായതിനാൽ ഒഴുകിപ്പോകാനിടമില്ലാതായ വെള്ളമത്രയും കെട്ടിക്കിടക്കുന്നത് സർവീസ് റോഡുകളിലാണ്. വെള്ളക്കെട്ട് മൂലം കുഴികളുടെ ആഴം തിരിച്ചറിയാനാകാത്തത് അപകട സാധ്യത ഇരട്ടിപ്പിക്കുന്നു.
കുഴികൾ കാരണം വാഹനങ്ങൾക്ക് മുന്നോട്ടുപോകാനാകാത്തത് പലപ്പോഴും ഗതാഗതക്കുരുക്കിനും കാരണമാകുന്നു.