മക്കള്‍ക്ക് അയച്ചുകൊടുത്ത പണം പിന്‍വലിക്കാന്‍ കഴിയുന്നില്ല; പോലീസിനു മുന്നില്‍ തൊഴുകൈകളുമായി റിട്ട.ജീവനക്കാരന്
1430545
Friday, June 21, 2024 1:48 AM IST
കാസര്‍ഗോഡ്: കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ നിക്ഷേപിച്ച പത്തുലക്ഷം രൂപ തിരികെ കിട്ടാതെ റിട്ട. ജീവനക്കാരന് കണ്ണീരൊഴുക്കുന്നു. ആദൂര്‍ സ്വദേശിയും കാസര്‍ഗോഡ് വിത്തുത്പാദന കേന്ദ്രത്തിലെ മുന്‍ ജീവനക്കാരനുമായ വയോധികനാണ് തട്ടിപ്പിന്റെ പേരില്‍ കണ്ണീരൊഴുക്കുന്നത്.
വിരമിക്കുന്ന സമയത്ത് ലഭിച്ച എല്ലാ ആനുകൂല്യങ്ങളും കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് സൊസൈറ്റിയിലാണ് നിക്ഷേപിച്ചിരുന്നത്. ഈ തുക ഇക്കഴിഞ്ഞ മെയ് ഒന്പതിനു ബംഗളുരുവിലുള്ള മകന്റെയും മകളുടെയും അക്കൗണ്ടുകളിലേക്ക് കാറഡുക്ക സൊസൈറ്റി അക്കൗണ്ട് വഴി അയച്ചിരുന്നു. തുക ബംഗളുരുവിലെ അക്കൗണ്ടില്‍ എത്തുന്നതിന് മുമ്പ് കാറഡുക്ക സൊസൈറ്റിയിലെ 4.76 കോടി തട്ടിപ്പ് സംഭവം പുറത്തു വന്നിരുന്നു.
സൊസൈറ്റിയുടെ അക്കൗണ്ടില്‍ നിന്നും ബംഗളുരുവിലെ അക്കൗണ്ടുകളിലേക്ക് അയച്ച പണത്തില്‍ സംശയം തോന്നിയ പോലീസ് അക്കൗണ്ട് മരവിപ്പിച്ചു. ഇതോടെ പണം പിന്‍വലിക്കാന്‍ കഴിയാതെ വന്നതോടെ ആദൂര്‍ സ്വദേശിയുടെ മക്കള്‍ പിതാവിനെ ബന്ധപ്പെട്ടു.
ഇതോടെയാണ് സൊസൈറ്റിയില്‍ നടന്ന തട്ടിപ്പിനെ കുറിച്ചും അക്കൗണ്ട് മരവിപ്പിച്ചതിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ അക്കൗണ്ട് ഉടമ അറിയുന്നത്. അതിന് ശേഷം പല തവണ അക്കൗണ്ടിലെ പണം പിന്‍വലിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സൊസൈറ്റിയെ സമീപിച്ചു. തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന മറുപടിയാണ് അക്കൗണ്ട് ഉടമയ്ക്ക് കേള്‍ക്കേണ്ടി വന്നത്.
ഇതിനിടയിലാണ് സൊസൈറ്റിയുടെ മുന്‍ സെക്രട്ടറിയും തട്ടിപ്പ് കേസിലെ പ്രതിയുമായി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷിബു പാപ്പച്ചനും സംഘവും കഴിഞ്ഞദിവസം തെളിവെടുപ്പിനെത്തിയത്. വിവരമറിഞ്ഞ ആദൂര്‍ സ്വദേശി അതിരാവിലെ തന്നെ മുള്ളേരിയയിലുള്ള സൊസൈറ്റി ഓഫീസിനു മുന്നില്‍ കാത്തിരുന്നു. പോലീസ് സംഘം എത്തിയപ്പോള്‍ തൊഴുകൈകളോടെ അരികിലെത്തി തന്റെ പ്രശ്നം അവതരിപ്പിച്ചു.
അത്യാവശ്യ കാര്യത്തിനാണ് തന്റെ അക്കൗണ്ടിലുള്ള പണം ബംഗളുരുവിലുള്ള മക്കള്‍ക്ക് അയച്ചു കൊടുത്തതെന്നും പണം പിന്‍വലിക്കാനുള്ള സംവിധാനം ഒരുക്കണമെന്നുമായിരുന്നു അപേക്ഷ.
അനുഭാവപൂര്‍വമായ പരിഹാരം കാണാമെന്ന് പറഞ്ഞാണ് ഡിവൈഎസ്പി പരാതിക്കാരനെ പറഞ്ഞയച്ചത്.