മരിച്ചവരുടെ ആശ്രിതർക്ക് കേന്ദ്രസർക്കാർ 50 ലക്ഷം രൂപ ധനസഹായം നൽകണം: എംപി
1429383
Saturday, June 15, 2024 1:32 AM IST
തൃക്കരിപ്പൂർ: അന്യ നാടുകളിൽ പോകുന്നവരുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കേണ്ട ബാധ്യത കേന്ദ്ര സർക്കാരിനുണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി.
കുവൈറ്റിലെ തീപിടുത്തത്തിൽ മരിച്ച തൃക്കരിപ്പൂർ തെക്കുമ്പാട്ടെ പൊൻമലേരി കുഞ്ഞിക്കേളുവിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത മാർഗം തേടി മണലാരണ്യത്തിൽ പതിറ്റാണ്ടുകൾ അധ്വാനിച്ചിട്ടും
കരപറ്റാത്ത പ്രവാസികളാണ് കുവൈറ്റിലുണ്ടായ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞതെന്ന് എംപി പറഞ്ഞു. മരിച്ചവരുടെ ഓരോ ആശ്രിതരുടെയും കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ 50 ലക്ഷം രൂപയെങ്കിലും ധന സഹായം നൽകണമെന്ന് എംപി ആവശ്യപ്പെട്ടു. ഇക്കാര്യം കേരളത്തിലെ 20 എംപിമാരും ചേർന്ന് പ്രധാന മന്ത്രിയോട് ആവശ്യപ്പെടും. മരിച്ചവരിൽ 24 പേർ കേരളത്തിലുള്ളവരാണ്. സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും നൽകുന്നത് കൂടാതെ
കേന്ദ്രസർക്കാരിനൊപ്പം സംസ്ഥാന സർക്കാരും ധനസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.