പോളിടെക്നിക് വിദ്യാർഥി ഹോസ്റ്റലിൽ മരിച്ചനിലയിൽ
1423127
Friday, May 17, 2024 10:17 PM IST
തൃക്കരിപ്പൂർ: ഇ.കെ.നായനാർ ഗവ.പോളിടെക്നിക് കോളജ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഭീമനടി മാങ്ങോട്ടെ തുണ്ടിയിൽ വീട്ടിൽ ഗംഗാധരന്റെയും കാഞ്ഞങ്ങാട് സിവിൽ സപ്ലൈസിൽ താത്കാലിക ജീവനക്കാരിയായ സജിനിയുടെയും മകൻ കംപ്യൂട്ടർ എൻജിനിയറിംഗ് ഒന്നാംവർഷ വിദ്യാർഥി അഭിജിത് ഗംഗാധരനെ(19)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ 8.45 ഓടെ പരീക്ഷയെഴുതേണ്ട സമയമായിട്ടും നാലാം നമ്പർ
ഹോസ്റ്റൽ മുറിയുടെ വാതിൽ തുറക്കാത്തത് കണ്ട് തൊട്ടടുത്ത മുറിയിലെ വിദ്യാർഥികൾ എത്തി വാതിൽ ചവിട്ടിത്തുറന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
വ്യാഴാഴ്ച രാത്രി 10.30 വരെ ഒന്നാം നമ്പർ ഹോസ്റ്റൽ മുറിയിൽ സഹ വിദ്യാർഥികൾക്കൊപ്പം പഠിച്ചിരുന്നതായും അതിനുശേഷം അഭിജിത്ത് നാലാം നമ്പർ മുറിയിലേക്ക് പോയതായും അവർ പറഞ്ഞു. മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി നാട്ടിലെത്തിച്ച് സംസ്കരിച്ചു. സഹോദരി: അശ്വതി.