കാറ്റാംകവലയിൽ മലയോര ഹൈവേയ്ക്ക് ഗാബിയോൺ സംരക്ഷണഭിത്തി ഒരുങ്ങുന്നു
1415456
Wednesday, April 10, 2024 1:41 AM IST
ചിറ്റാരിക്കാൽ: കാറ്റാംകവലയിലെ കയറ്റത്തിന് മലയോര ഹൈവേയിലെ അപകടമേഖലയെന്ന പേരുദോഷം മാറാൻ വഴിയൊരുങ്ങുന്നു. രണ്ടുവർഷം മുമ്പ് ഇവിടെ 50 മീറ്ററോളം നീളത്തിൽ റോഡിന്റെ ഒരു ഭാഗവും പാർശ്വഭിത്തിയും ഇടിഞ്ഞുതാഴ്ന്ന ഭാഗത്ത് 1.09 കോടി രൂപ ചെലവിൽ ഗാബിയോൺ സംരക്ഷണഭിത്തിയുടെ നിർമാണം പുരോഗമിക്കുകയാണ്.
ഇരുമ്പുവലക്കൂടിനുള്ളിൽ കരിങ്കൽ കഷണങ്ങളും സിമന്റ് കട്ടകളും മറ്റും നിറച്ച് സംരക്ഷണഭിത്തി പണിയുന്ന രീതിയാണ് ഗാബിയോൺ. ഇരുമ്പുവലയുടെ സംരക്ഷണമുള്ളതിനാൽ വെള്ളമിറങ്ങിയാലും സമ്മർദമേറിയാലും ഭിത്തി ഇടിഞ്ഞു താഴില്ല എന്നതാണ് ഇതിന്റെ ഗുണം. മഴക്കാലത്ത് ശക്തിയായി വെള്ളമൊഴുകുന്ന ഭാഗമായതിനാൽ ഇവിടെ സാധാരണ രീതിയിൽ കല്ലുകളടുക്കിവച്ച് സംരക്ഷണഭിത്തി നിർമിച്ചാൽ വീണ്ടും ഇടിഞ്ഞുതാഴാനിടയുണ്ടെന്ന് നാട്ടുകാരും സാങ്കേതിക വിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു.
അധികം ഉറപ്പില്ലാതിരുന്ന പഴയ പാർശ്വഭിത്തിക്കു മുകളിൽതന്നെ വീണ്ടും കല്ലുകൊണ്ട് കെട്ടിപ്പൊക്കി മലയോര ഹൈവേ നിർമിച്ചതിനാലാണ് വലിയ അളവിൽ വെള്ളമിറങ്ങിയപ്പോൾ ഇടിഞ്ഞുതാഴ്ന്നതെന്നായിരുന്നു നിഗമനം. എന്തായാലും ഇതേ രീതിയിൽ മുന്നോട്ടുനീങ്ങിയാൽ ഇത്തവണത്തെ മഴക്കാലമെത്തുന്നതിനു മുമ്പ് സംരക്ഷണഭിത്തിയുടെ പണി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.