റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
1394466
Wednesday, February 21, 2024 5:45 AM IST
പൊയിനാച്ചി: പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി നിർമിക്കുന്ന കല്ലളി മുനമ്പ്-പെർളടുക്കം-ആയംകടവ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പെർളടുക്കം ടൗണിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി നിർവഹിച്ചു.
സി.എച്ച്. കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനായി. 4.220 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് കരിങ്കല്ലുകൊണ്ടുള്ള പാർശ്വഭിത്തികളും ഓവുചാലുകളുമുൾപ്പെടെ 383.05 ലക്ഷം രൂപ ചെലവിലാണ് നിർമിക്കുന്നത്. പ്രകൃതി വിഭവങ്ങളുടെ ഉപഭോഗം കുറക്കുന്നതിനായി ജർമൻ സാങ്കേതിക വിദ്യയായ എഫ്ഡിആർ സംവിധാനം ഉപയോഗിച്ചാണ് റോഡ് നിർമാണം. ചെലവിന്റെ 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന സർക്കാരിന്റെ വിഹിതവുമാണ്.
പിഐയു പിഎംജിഎസ് വൈ അസി. എക്സിക്യുട്ടീവ് എൻജിനിയർ വി. മിത്ര റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ബി.കെ. നാരായണൻ, ബേഡഡുക്ക പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ പി. വസന്തകുമാരി, പഞ്ചായത്തംഗം കെ. പ്രിയ, കുഞ്ഞികൃഷ്ണൻ മാടക്കല്ല്, കുഞ്ഞിരാമൻ, സി. കുഞ്ഞിക്കണ്ണൻ, ടി. നാരായണൻ എന്നിവർ പ്രസംഗിച്ചു.