കൺസ്യൂമർഫെഡ് വില്പനശാലയിൽനിന്നും മദ്യം നീക്കുന്നത് തടഞ്ഞ് സിഐടിയു
1394288
Tuesday, February 20, 2024 7:58 AM IST
ചെറുവത്തൂർ: സ്റ്റേഷൻ റോഡിൽ തുറന്ന ദിവസം തന്നെ അടച്ചു പൂട്ടിയ വിവാദ കൺസ്യൂമർ ഫെഡ് മദ്യ വില്പശാല കെട്ടിടത്തിൽ നിന്നും മദ്യം നീക്കാനുള്ള ശ്രമം തൊഴിലാളികളുടെ നേതൃത്വത്തിൽല വീണ്ടും തടഞ്ഞു.
ഇന്നലെ രാവിലെയാണ് സിഐടിയു നേതൃത്വത്തിലുള്ള തൊഴിലാളികൾ സംഘടിച്ചെത്തി ഉദ്യോഗസ്ഥരെ തടഞ്ഞത്. കൺസ്യൂമർ ഫെഡ് - എക്സൈസ് ഉദ്യോഗസ്ഥര്‍ പോലീസ് സഹായത്തോടെ മദ്യം കൊണ്ട് പോകുവാന്‍ രാവിലെ തന്നെ എത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചുമട്ടുതൊഴിലാളികൾ ഉൾപ്പെടെയുള്ളവർ മദ്യം കൊണ്ട് പോകാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചു.
ലക്ഷക്കണക്കിന് രൂപയുടെ മദ്യമാണ് അടച്ചിട്ട കെട്ടിടത്തിലുള്ളതെന്നും നിശ്ചിത തീയതികഴിഞ്ഞാല്‍ ഇവ വിറ്റഴിക്കാന്‍ കഴിയാതെ നശിപ്പിക്കേണ്ടി വരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാൽ പ്രതിഷേധക്കാര്‍ വഴങ്ങിയില്ല. മാര്‍ച്ച് മാസത്തില്‍ വാര്‍ഷിക കണക്ക് ബോധിപ്പിക്കണമെന്ന് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ചെറുവത്തൂര്‍ പ്രദേശത്ത് തന്നെ മറ്റൊരിടത്ത് മദ്യശാല സ്ഥാപിച്ച് അവിടേക്ക് മാത്രമെ മദ്യം മാറ്റാന്‍ അനുവദിക്കുകയുള്ളൂവെന്നും പുറത്തേക്ക് കൊണ്ട് പോകാന്‍ അനുവദിക്കില്ലെന്നുമുള്ള നിലപാടില്‍ പ്രതിഷേധക്കാര്‍ ഉറച്ച് നിന്നതോടെ ഉദ്യോഗസ്ഥ സംഘം നീക്കത്തില്‍ നിന്നും പിന്മാറുകയായിരുന്നു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പോലീസ് എത്തിയിരുന്നു. നേരത്തെയും ഇത്തരത്തില്‍ ഉദ്യോഗസ്ഥര്‍ മദ്യം കൊണ്ടുപോകുവാന്‍ ശ്രമിച്ചത് തൊഴിലാളികള്‍ തടഞ്ഞിരുന്നു. മാസങ്ങളായി മദ്യവിൽപന ശാലയുമായി ബന്ധപ്പെട്ട് അനുകൂലിച്ചും എതിർത്തും സിപിഎം നേതൃത്വത്തിന് പരാതികൾ ലഭിച്ചതോടെ തത്കാലം തുറക്കേണ്ടെന്ന് പാർട്ടി നേതൃത്വം തീരുമാനിച്ച് അറിയിച്ചിരുന്നു.
സിപിഎം ജില്ല നേതാക്കൾ പങ്കെടുത്ത വിശദീകരണ യോഗവും ഇവിടെ നടത്തിയിരുന്നു. കുറച്ചു ദിവസം മുമ്പ് തീരമേഖലയിലെ അച്ചാംതുരുത്തി ദ്വീപിൽ മദ്യവില്പന ശാലക്കായി എക്സൈസ്- കൺസ്യൂമർഫെഡ് അധികൃതർ പുതിയ കെട്ടിടം പരിശോധനക്കെത്തിയപ്പോൾ കോൺഗ്രസ് നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞ് തിരിച്ചയച്ചിരുന്നു.