ഭാരത് മാല റോഡ് വികസന പദ്ധതി കേരളത്തിന് നഷ്ടപ്പെടുന്ന സാഹചര്യമെന്ന് ശോഭ സുരേന്ദ്രൻ
1376231
Wednesday, December 6, 2023 8:09 AM IST
കാഞ്ഞങ്ങാട്: കേന്ദ്രസർക്കാരിന്റെ ഭാരത് മാല റോഡ് വികസന പദ്ധതി നഷ്ടപ്പെടാനുള്ള സാഹചര്യമാണ് കേരള സർക്കാർ ഒരുക്കിയിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ പറഞ്ഞു. ബിജെപി അജാനൂർ വെസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനപഞ്ചായത്തും പൊയ്യക്കര ഗോപി അനുസ്മരണ യോഗവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
കേരളത്തിലേക്ക് വരുന്ന പല പദ്ധതികളും മനഃപൂർവം വൈകിപ്പിക്കാനാണ് സംസ്ഥാന ഭരണകൂടം ശ്രമിക്കുന്നത്. ഈ പദ്ധതികൾ നടപ്പിലാക്കിയാൽ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ മോദിയുടെ പാർട്ടിക്ക് വോട്ട് ചെയ്യുമെന്ന് പേടിച്ചിട്ടാണ് ഇതെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചു. കേരളത്തിൽ ബിജെപി ജയിച്ചു കയറേണ്ട ഏഴ് മണ്ഡലങ്ങളിൽ ഇരുമുന്നണികളും ഒത്തുകളിയാണ് നടന്നുന്നതെന്നും അവർ പറഞ്ഞു.
മേഖല പ്രസിഡന്റ് വിനീത് കൊളവയൽ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ, ജനറൽ സെക്രട്ടറി എ. വേലായുധൻ, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം. പ്രശാന്ത്, ജനറൽ സെക്രട്ടറി പി. പദ്മനാഭൻ, പഞ്ചായത്ത് അംഗം സതി, ചന്ദ്രിക ഗോപി പൊയ്യക്കര എന്നിവർ പ്രസംഗിച്ചു.