അപകടം കഴിഞ്ഞയുടന്‍ കുഴികള്‍ മണ്ണിട്ടുമൂടി
1336943
Wednesday, September 20, 2023 6:55 AM IST
കാസര്‍ഗോഡ്: സാമാന്യം നല്ലൊരു മഴ കഴിഞ്ഞയുടന്‍ കാസര്‍ഗോഡ്-കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ അങ്ങിങ്ങായി രൂപപ്പെട്ട കുഴികള്‍ അപകടഭീഷണിയാകുമെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടും, കണ്ണടച്ച പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ഥിനിയുടെ മരണത്തിനിടയാക്കിയ അപകടത്തിനു പിന്നാലെ കുഴികള്‍ അടിയന്തരമായി മണ്ണും ജില്ലിയുമിട്ട് നികത്തി.
ചന്ദ്രഗിരിപ്പാലം കടന്ന് കാസര്‍ഗോഡ് നഗരത്തിനു സമീപത്തെ ആഴമേറിയ കുഴിയില്‍ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിലാണ് മണിപ്പാല്‍ സര്‍വകലാശാലയിലെ ബികോം വിദ്യാര്‍ഥിനി കണ്ണൂര്‍ സ്വദേശിനിയായ ശിവാനി ബാലിഗ (20) മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഏഴോടെയായിരുന്നു അപകടം.
ഇതിനുശേഷവും തിങ്കളാഴ്ച ഉച്ചവരെ ഇതേ റോഡില്‍ എട്ട് ഇരുചക്രവാഹനങ്ങള്‍ ചെറിയ അപകടങ്ങളില്‍ പെട്ടിരുന്നു. മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പെണ്‍കുട്ടി മരണപ്പെട്ട വാര്‍ത്ത ഉച്ചയോടെ അറിഞ്ഞതിനു പിന്നാലെയാണ് പൊതുമരാമത്ത് അധികൃതര്‍ കുതിച്ചെത്തി കുഴികള്‍ നികത്തിയത്. അടിയില്‍ മണ്ണും മുകളില്‍ ബേബി ജില്ലിയും നിറച്ച് നികത്തിയ കുഴികള്‍ മഴ മാറിനിന്നാലുടന് ടാറിട്ടു മൂടാനാണ് തീരുമാനം.
പക്ഷേ അതിന് ഒരു ജീവന് വിലയായി നല്കേണ്ടിവന്നെന്നു മാത്രം. നികത്തിയ കുഴിയുടെ ഒരു വശത്ത് അനാഥമായി വീണുകിടക്കുന്ന പെണ്‍കുട്ടിയുടെ ചെരിപ്പുകളും വെള്ളക്കുപ്പിയും യാത്രക്കാര്‍ക്ക് സങ്കടക്കാഴ്ചയായി.