കാഞ്ഞങ്ങാട്: ആശ്രയമില്ലാതെ ഒറ്റപ്പെടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തണലാകുകയാണ് കുടുംബശ്രീയുടെ സ്നേഹിത. ആറ് വര്‍ഷം പിന്നിടുമ്പോള്‍ 2213 കേസുകളാണ് സ്നേഹിതയിൽ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 1858 കേസുകള്‍ പരിഹരിച്ചു. 203 പേര്‍ക്ക് താല്‍ക്കാലിക അഭയവും 208 പേര്‍ക്ക് നിയമസഹായവും നല്കി. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 2017 സെപ്തംബര്‍ രണ്ടിനാണ് ജില്ലയില്‍ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് സ്നേഹിത പ്രവര്‍ത്തനമാരംഭിച്ചത്. ഏഴാം വര്‍ഷത്തിലേക്ക് കടക്കുന്ന സ്നേഹിതയുടെ പ്രവര്‍ത്തനം ഇനി കാഞ്ഞങ്ങാട് കൊവ്വല്പള്ളിയിലാകും.
കാഞ്ഞങ്ങാട് സൗത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്നേഹിത ഹെല്‍പ്പ് ഡെസ്കിന്റെ പുതിയ കെട്ടിടം കാഞ്ഞങ്ങാട് കൊവ്വല്‍പള്ളിയില്‍ നാളെ രാവിലെ 10ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്സണ്‍ കെ. വി. സുജാത മുഖ്യാതിഥിയാകും.
തണലായി സ്നേഹിത
യാത്രയ്ക്കിടയില്‍ ഒറ്റപെട്ട് പോകുന്ന സ്ത്രീകളുടെ താല്‍ക്കാലിക അഭയ കേന്ദ്രമാണ് സ്നേഹിത. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൗണ്‍സിലിംഗ്, ടെലി കൗണ്‍സിലിംഗ്, താല്‍ക്കാലിക അഭയം, നിയമസഹായം എന്നീ സേവനങ്ങള്‍ സ്നേഹിതയിലൂടെ നല്കി വരുന്നു. പോലീസ്, ഐസിഡിഎസ്, വനിത ശിശുവികസന വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, ഡിഎല്‍എസ്എ, സര്‍ക്കാര്‍ സര്‍ക്കാരിതര വകുപ്പുകള്‍, എന്‍ജിഒ മറ്റ് ഏജന്‍സികള്‍ എന്നിവ ഏകോപിച്ചാണ് സ്നേഹിതയുടെ പ്രവര്‍ത്തനം.
സൗജന്യ നിയമ സഹായം ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സ്നേഹിത ലീഗല്‍ ക്ലിനിക്ക് ഡിഎല്‍എസ്എയുടെ സഹകരണത്തോടെ എല്ലാ വെള്ളിയാഴ്ച്ചയും ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകുന്നേരം ആറു വരെ പ്രവര്‍ത്തിച്ചു വരുന്നു. സ്നേഹിതയുടെ സേവനങ്ങള്‍ താഴെതട്ടില്‍ എത്തിക്കുന്നതിന്റെ ഭാഗമായി സ്നേഹിത കാമ്പയിനിംഗ് അയല്‍ക്കൂട്ടം, വാര്‍ഡ്, ബ്ലോക്ക്, ജില്ലാ എന്നീ തലങ്ങളില്‍ നടത്തി വരുന്നു. അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കും, യാത്രവേളകളില്‍ ഒറ്റപ്പെട്ട് പോകുന്നവര്‍ക്കും കുട്ടികള്‍ക്കും താല്‍ക്കാലിക താമസ കേന്ദ്രമെന്ന ആശയത്തോടെയാണ് സ്നേഹിത പ്രവര്‍ത്തനമാരംഭിച്ചത്. മൂന്നുദിവസത്തെ സുരക്ഷിത താമസവും അടിസ്ഥാന സൗകര്യങ്ങളുമാണ് ഇവിടെ സജ്ജമാക്കുന്നത്.
രണ്ട് കൗണ്‍സിലര്‍, അഞ്ച് സര്‍വീസ് പ്രൊവൈഡര്‍, രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍, കെയര്‍ടേക്കര്‍, ഓഫീസ് അസിസ്റ്റന്റ് എന്നീ ജീവനക്കാരാണ് സ്നേഹിതയുടെ സുഗമമായ പ്രവര്‍ത്തനത്തിന്റെ മുതല്‍ക്കൂട്ട്. കൂടാതെ 20 കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരും ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. നേരിട്ടും, ഫോണ്‍ വഴിയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും, രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തുടര്‍സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്. സ്കൂളുകള്‍, അയല്‍ക്കൂട്ടങ്ങള്‍, അംഗനവാടികള്‍, കോളജുകള്‍ എന്നിവിടങ്ങളില്‍ ബോധവത്കരണം, കൗണ്‍സിലിംഗ്, സ്ത്രീ ശാക്തീകരണം, ലിംഗപദവി തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍, ശില്പശാല എന്നിവ നടത്തുന്നുണ്ട്. ഗോത്രസഖിയുടെ ഭാഗമായി ആറ് ബ്ലോക്കുകളില്‍ എസ്ടി കോളനികള്‍ തെരെഞ്ഞെടുത്ത് ഡോര്‍ ടു ഡോര്‍ കൗണ്‍സിലിംഗ് നടത്തും. കോവിഡ് മഹാമാരിക്കാലത്ത് 4097 പേരുടെ ആശങ്കകളാണ് സ്നേഹിതയുടെ ടെലികൗണ്‍സിലിംഗ് സേവനത്തിലൂടെ അകറ്റിയത്.
സ്നേഹിത അറ്റ് സ്കൂള്‍
സേവനങ്ങള്‍ വിവിധ സ്കൂളുകളില്‍ എത്തിക്കുന്നതിന് ബ്ലോക്കിലെ ഒരോ സ്കൂളുകള്‍ വീതം തെരഞ്ഞെടുത്ത് സ്നേഹിത അറ്റ് സ്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചു. മാസത്തില്‍ കൗണ്‍സിലിംഗ്, ബോധവത്കരണം, ജെന്‍ഡര്‍ അവബോധം എന്ന് സേവനങ്ങള്‍ നല്കി വരുന്നു. ഒപ്പരം എന്ന പേരില്‍ എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാപ്പേടി മാറ്റി ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കാന്‍ ബോധവല്‍ക്കരണവും കൗണ്‍സിലിംഗും സ്നേഹിത അറ്റ് സ്കൂളുകളില്‍ നടത്തി വരുന്നു.
നേര്‍വഴി
ഹൊസ്ദുര്‍ഗ് ജില്ലാ ജയിലിലും സ്നേഹിതയുടെ ആഭിമുഖ്യത്തില്‍ കൗണ്‍സിലിംഗ് സേവനങ്ങള്‍ നല്കി വരുന്നു. കൂടാതെ പുനരധിവാസം, ജീവനോപാധി സേവനങ്ങളും നടത്തുന്നു. 2020 മുതല്‍ ജില്ലാ ജയിലിലുമായി ചേര്‍ന്ന് ലഹരിക്കെതിരെയുള്ള കാമ്പയനിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
ഓസോണ്‍
ജില്ലയിലെ അരക്ഷിതാവസ്ഥ നേരിടുന്ന കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും, അവര്‍ക്കാവിശ്യമായ മാനസിക പിന്തുണയും ഫോസ്റ്റര്‍ കെയറും സ്പോണ്‍സര്‍ഷിപ്പ് പുനരധിവാസവും നല്കി വരുന്നു.
ജെന്‍ഡര്‍ കൊട്ടക
കഴിഞ്ഞ വനിതാ ദിനത്തില്‍ സ്നേഹിതയുടെ ആഭിമുഖ്യത്തില്‍ സ്ത്രീപക്ഷ സിനിമയുടെ പ്രദര്‍ശനം ജന്‍ഡര്‍ കൊട്ടക എന്ന പേരില്‍ ആരംഭിച്ചു. മാജിക് ഫ്രെയിമിന്റെ സഹകരണത്തോടെ കാസര്‍ഗോട്ടും കാഞ്ഞങ്ങാട്ടും കര്മംതൊടിയിലും തീയേറ്ററുകളിലായി 600 ലധികം പേര് സിനിമ കാണുകയും അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു. വരും വര്‍ഷങ്ങളില്‍ ഇത്തരത്തിലുള്ള സ്ത്രീപക്ഷ ഷോട്ട് ഫിലിമുകള്‍ നിര്‍മിക്കുകയും പ്രദര്‍ശനം നടത്തുകയും ചെയ്യും.
സ്നേഹിത ഔട്ട് റീച്ച്
സെന്റര്‍
പെരിയ ഗവ.പോളിടെക്നിക് കോളജില്‍ സ്നേഹിത ഔട്ട് റീച്ച് സെന്റര്‍ പ്രവര്‍ത്തിക്കുന്നു. കൗണ്‍സിലിംഗ്, ബോധവത്കരണ ക്ലാസുകള്‍, വിവിധ പരിപാടികള്‍ നടത്തി വരുന്നു.
ജെന്‍ഡര്‍ ക്ലബ്
കുട്ടികളില്‍ ലിംഗസമത്വം വളര്‍ത്തിയെടുക്കാനും കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് ജെന്‍ഡര്‍ ക്ലബ് അറ്റ് സ്കൂള്‍, ജെന്‍ഡര്‍ ക്ലബ് അറ്റ് കോളജ് എന്നീ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ജില്ലയില്‍ ആറു സ്കൂളുകളിലും രണ്ടു കോളജുകളിലും ജെന്‍ഡര്‍ ക്ലബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍
ജില്ലയിലെ 38 പഞ്ചായത്തുകളിലും മൂന്നു മുനിസിപാലിറ്റിയിലും സ്നേഹിതയുടെ സബ് സെന്ററുകളായി ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ മുഖേനയാണ് സേവനം ലഭ്യമാക്കുന്നത്. ജില്ലയിലെ ഒറ്റപ്പെട്ട് താമസിക്കുന്ന കുടുംബങ്ങള്‍ക്കായി അയല്‍ക്കൂട്ടം വഴി പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സ്നേഹിത കോളിംഗ് ബെല്‍ പിന്തുണ നല്കുന്നു.
വാര്‍ഡ്തലത്തില്‍ വിജിലന്റ് ഗ്രൂപ്പുകള്‍, പഞ്ചായത്ത് തലത്തില്‍ ജെന്‍ഡര്‍ കോര്‍ണറുകള്‍, ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍, കമ്മ്യൂണിറ്റി കൗണ്‍സലിംഗ് എന്നിങ്ങനെയാണ് സംവിധാനം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിലേക്ക് സേവനത്തിനായി ഫോണ്‍: 04672201205, 1800 425 0716, 9847959038