സൗജന്യമായി സാധനങ്ങള് നല്കാന് വിസമ്മതിച്ചതിന്റെ വൈരാഗ്യത്തില് ഫ്ളോര് മില് അടിച്ചുതകര്ത്തു
1297456
Friday, May 26, 2023 1:00 AM IST
ഉദുമ: സൗജന്യമായി സാധനങ്ങള് നല്കാന് വിസമ്മതിച്ചതിന്റെ വൈരാഗ്യത്തില് ഫ്ളോര് മില് അടിച്ചുതകര്ക്കുകയും കടയുടമയ്ക്കും ജീവനക്കാരനും നേരെ ഗുണ്ടാ ആക്രമണം നടത്തുകയും ചെയ്തതായി പരാതി.
പാലക്കുന്ന് തിരുവക്കോളിയില് ഫ്ലോര് മില് നടത്തുന്ന ഷൈന് (44), ജീവനക്കാരന് മനോഹരന് (36) എന്നിവരെയാണ് ക്രൂരമായി തല്ലിച്ചതച്ചതെന്നാണ് പരാതി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. മര്ദനത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വി.വി.സജിത്ത് (27), സര്ഷില് ഹര്ഷിത് (22), പി.കിരണ്കുമാര് (30) എന്നിവരെ ബേക്കല് ഇന്സ്പെക്ടര് യു.പി.വിപിനും സംഘവും അറസ്റ്റ് ചെയ്തു.
ഫ്ളോര് മില്ലിലെ സാധങ്ങള് പ്രതികള്ക്ക് സൗജന്യമായി കൊടുക്കാത്തതിന്റെ പേരില് പ്രതികള് കൈകൊണ്ടും ഫൈബര് കസേര കൊണ്ടും ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. ഫ്ളോര് മില് തല്ലിത്തകര്ത്തതിനെ തുടർന്ന് 35,000 രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്ന് ഉടമ പറഞ്ഞു. ഷൈനിന്റെ ഭാര്യയുടെ പരാതിയിലാണ് ബേക്കല് പൊലീസ് കേസെടുത്തത്. പരിക്കേറ്റ ഷൈനും മനോഹരനും കാസര്ഗോഡ് ജനറല് ആശുപത്രിയില് ചികിത്സ തേടി. പ്രതികള്ക്കെതിരേ നരഹത്യശ്രമമടക്കം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര് ചെയ്തത്.