കോവളം-ബേക്കല്‍ ജലപാതയുടെ കൃത്രിമ കനാലിന് ഡിപിആറില്ലെന്ന് ആക്ഷേപം
1296959
Wednesday, May 24, 2023 1:01 AM IST
കാഞ്ഞങ്ങാട്: കോവളം-ബേക്കല്‍ ജലപാതയുടെ ഭാഗമായി നീലേശ്വരം-ചിത്താരി പുഴകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കൃത്രിമ കനാലിന്റെ ഡിപിആര്‍ ലഭ്യമല്ലെന്ന് ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ വിവരാവകാശ രേഖ. ഇതോടെ അരയി കോട്ടക്കടവ് തൂക്കുപാലത്തിന്റെ പുനര്നിര്മാണമുള്പ്പെടെ പദ്ധതിയുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് എങ്ങനെയെന്ന ചോദ്യമുയര്‍ന്നു.
ഉള്‍നാടന്‍ ജലപാതയും കൃത്രിമ കനാലുമായി ബന്ധപ്പെട്ട് ദേശീയപാതയിലെ നീലേശ്വരം പാലം പുനര്‍നിര്‍മിക്കുകയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കു സമീപം തോയമ്മലില്‍ പുതിയ പാലം നിര്‍മിക്കുകയും ചെയ്യുന്നതിനൊപ്പം മാട്ടുമ്മൽ-കടിഞ്ഞിമൂല, കളത്തേര, നമ്പ്യാര്‍ക്കാൽ, പൊക്കനായി, കോട്ടക്കടവ്, കൊടാട്ട്, അള്ളങ്കോട്, ചാമുണ്ഡിക്കുന്ന് എന്നിവിടങ്ങളില്‍ നിലവിലുള്ള ചെറിയ പാലങ്ങള്‍ ഉയരംകൂട്ടി പുനര്‍നിര്‍മിക്കുകയും ചെയ്യേണ്ടിവരുമെന്ന് വിവരാവകാശരേഖയില്‍ വ്യക്തമാക്കുന്നു. ഇത്രയും പാലങ്ങള്‍ മാറ്റേണ്ടിവരുമ്പോള്‍ നീലേശ്വരം മൂലപ്പള്ളിയിലെ റെയില്‍വേ പാലവും ഉയരംകൂട്ടി പുനര്നിര്മിക്കേണ്ടിവരില്ലേ എന്ന ചോദ്യമുയര്‍ന്നിട്ടുണ്ട്.
റെയില്‍വേ പാലത്തിന്റെയും ഇരുവശങ്ങളിലുമുള്ള പാളങ്ങളുടേതുമുള്പ്പെടെ ഉയരം കൂട്ടണമെങ്കില്‍ ഭീമമായ ചെലവ് വേണ്ടിവരും. അതിന് റെയില്‍വേയുടെ അനുമതി കിട്ടാനും ഏറെ പ്രയാസമാണ്. പുനര്‍നിര്‍മാണം നടക്കുന്ന ദേശീയപാതയ്ക്ക് കുറുകേ കനാല്‍ കടന്നുപോകുന്നതിനായി തോയമ്മലില്‍ പുതിയ പാലം നിര്‍മിക്കുന്ന കാര്യത്തില്‍ ദേശീയപാത അഥോറിറ്റിയുടെ അനുമതിയും ഇതുവരെ ആയിട്ടില്ല.