ശൈശവ വിവാഹം തടയാന്‍ വിവരങ്ങള്‍ നല്‍കാം
1262126
Wednesday, January 25, 2023 1:02 AM IST
കാസര്‍ഗോഡ്: പൊതുജന പങ്കാളിത്തത്തോടുകൂടി ശൈശവ വിവാഹം തടയുന്നതിന് സര്‍ക്കാരും വനിതാ ശിശുവികസന വകുപ്പും നടപ്പിലാക്കുന്ന പൊന്‍വാക്ക് പദ്ധതിയുടെ ഭാഗമായി വിവരങ്ങള്‍ നല്കാന് പൊതുജനങ്ങള്‍ക്ക് അവസരം.
പദ്ധതി പ്രകാരം ശൈശവവിവാഹം തടയാനാവശ്യമായ വിവരം നല്കുന്ന വ്യക്തിക്ക് 2500 രൂപ ഇന്‍സെന്റീവ് ആയി ലഭിക്കും. വിവരം നല്കുന്ന വ്യക്തിയുടെ പേരും വിവരങ്ങളും പരസ്യപ്പെടുത്തുകയോ വിവരാവകാശനിയമപ്രകാരം നല്‍കുകയോ ചെയ്യില്ല. ജില്ലയില്‍ [email protected] എന്ന ഇമെയിലിലേക്കോ 04994 293060 എന്ന നമ്പറിലോ വിവരങ്ങള്‍ അയക്കാം. വിവാഹം ചെയ്തയക്കാന്‍ ഉദ്ദേശിക്കുന്ന കുട്ടിയുടെ പേര്, രക്ഷാകര്‍ത്താവിന്റെ പേര്, മേല്‍വിലാസം അല്ലെങ്കില്‍ വ്യക്തമായി തിരിച്ചറിയാന്‍ പര്യാപ്തമായ മറ്റു വിവരങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം.
വിവാഹം നടക്കുന്നതിനുമുമ്പേ നല്കുന്ന വിവരത്തിനാണ് ഇന്‍സെന്റീവ് നല്‍കുന്നത്. വിവാഹം കഴിഞ്ഞിട്ടാണ് വിവരം നല്കുന്നതെങ്കില് ഇന്‍സെന്റീവിന് അര്‍ഹത ഉണ്ടായിരിക്കില്ല. ഒരു ശൈശവവിവാഹത്തെകുറിച്ച് ഒന്നിലധികം വ്യത്യസ്ത വ്യക്തികളില്‍നിന്നും വിവരങ്ങള്‍ ലഭിച്ചാല്‍ ആദ്യം വിവരം നല്കുന്ന വ്യക്തിക്കായിരിക്കും പാരിതോഷികത്തിന് അര്‍ഹത.
പാരിതോഷിക തുക വിവരം നല്കുന്ന വ്യക്തിക്ക് മണിഓര്‍ഡര്‍ ആയോ ബാങ്ക് അക്കൗണ്ട് വഴിയോ നല്‍കും. പേരും മേല്‍വിലാസവും ഇല്ലാത്ത പരാതിയാണെങ്കിലും സമയബന്ധിതമായി അന്വേഷിക്കും.
എന്നാല്‍ ഇത്തരം സാഹചര്യത്തില്‍ പാരിതോഷികം നല്‍കുന്നതിനായി പരാതിക്കാരനെ കണ്ടെത്താന്‍ ശ്രമിക്കില്ലെന്നും വനിതാ ശിശുവികസന വകുപ്പ് അറിയിച്ചു.