പിൻസീറ്റ് യാത്രികനും ഹെല്‍മെറ്റ് നിര്‍ബന്ധം
1243409
Saturday, November 26, 2022 12:47 AM IST
കാസർഗോഡ്: ജില്ലയില്‍ അപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങളില്‍ ഇരുചക്രവാഹന യാത്രക്കാരുടെ മരണനിരക്ക് ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ രണ്ടു ഹെല്‍മറ്റ് നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് അറിയിച്ചു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി 1230 പിലിയണ്‍ ഹെല്‍മെറ്റ് കേസുകളും 1005 റൈഡര്‍ കേസുകളും രജിസ്റ്റര്‍ ചെയ്തു.
ഇരുചക്ര വാഹനങ്ങളില്‍ ഡ്രൈവറും യാത്രക്കാരനും നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കണമെന്ന് മോട്ടോര്‍ വാഹന ചട്ടം സെക്ഷന്‍ 129 നിഷ്കര്‍ഷിച്ചിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍മാര്‍ ഇ - ചലാന്‍ കാമറയും ഇന്റര്‍സെപ്റ്റര്‍ കാമറയും വഴിയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
വാഹന ഉടമയുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ചലാന്‍ രജിസ്റ്റര്‍ ചെയ്തതിന്റെ സന്ദേശം വാഹന്‍ വഴി ഉടന്‍ ലഭ്യമാകും. 500 രൂപയാണ് പിഴയീടാക്കുന്നത്.
രണ്ടുപേരും ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ ആയിരം രൂപയാണ് പിഴ. echallan.parivahan എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈന്‍ ആയി പിഴയൊടുക്കാം. നിശ്ചിത കാലയളവിനുള്ളില്‍ പിഴയൊടുക്കാത്ത കേസുകള്‍ കോടതി നടപടികള്‍ക്കായി സമര്‍പ്പിക്കും.