ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ട വാഹനങ്ങള്‍ക്ക് പരിഹാര നടപടികളെടുക്കാന്‍ സമയപരിധി നിശ്ചയിക്കണമെന്നാവശ്യം
1243403
Saturday, November 26, 2022 12:46 AM IST
കാഞ്ഞങ്ങാട്: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങളുടെ പേരില്‍ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വാഹനങ്ങളുടെ ഉടമകള്‍ക്ക് പരിഹാര നടപടികള്‍ സ്വീകരിച്ച് ലിസ്റ്റില്‍ നിന്നൊഴിവാകാന്‍ സമയപരിധി നിശ്ചയിക്കണമെന്ന് ആവശ്യം. നിലവില്‍ ബ്ലാക്ക് ലിസ്റ്റ് പ്രശ്നങ്ങള്‍ തീര്‍പ്പാക്കുന്നതിന് സമയപരിധിയൊന്നും നിശ്ചയിച്ചിട്ടില്ലെന്നാണ് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ലഭിക്കുന്ന വിശദീകരണം. ഇതുമൂലം, ലിസ്റ്റില്‍ ഉള്‍പ്പെട്ട ടൂറിസ്റ്റ് ബസുകളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിര്‍ബാധം സര്‍വീസ് നടത്തുന്ന അവസ്ഥയാണ്.
സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 51732 ടൂറിസ്റ്റ് ബസുകളില്‍ 31473 എണ്ണവും ബ്ലാക്ക് ലിസ്റ്റില്‍ പെട്ടിട്ടുണ്ടെന്ന് പൊതുപ്രവര്‍ത്തകനായ എം.വി. ശിൽപരാജിന് മോട്ടോര്‍വാഹനവകുപ്പ് വിവരാവകാശ നിയമപ്രകാരം നല്കിയ മറുപടിയില്‍ പറയുന്നു. ബ്ലാക്ക് ലിസ്റ്റ് തീര്‍പ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ ഇതുവരെ സമയപരിധിയൊന്നും നിശ്ചയിച്ചിട്ടില്ലെന്നും മറുപടിയില്‍ വ്യക്തമാക്കി. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശിൽപരാജ് മുഖ്യമന്ത്രിക്കും മോട്ടോര്‍വാഹന വകുപ്പിനും നിവേദനം നല്‍കിയിട്ടുണ്ട്.