എംകെസിഎലുമായും അസാപ്പുമായുള്ള ധാരണാപത്രം കണ്ണൂർ സർവകലാശാല പുറത്തു വിടണം: കെപിസിടിഎ
1461298
Tuesday, October 15, 2024 7:10 AM IST
കണ്ണൂർ: മഹാരാഷ്ട്രയിലെ എംകെസിഎൽ എന്ന കമ്പനിയുമായി വിദ്യാർഥി ഡാറ്റാ വിനിമയത്തിന് അസാപ്പ് ധാരണാപത്രം ഒപ്പുവച്ചതിന് പിന്നാലെ കണ്ണൂർ സർകലാശാല അസാപ്പുമായി വളരെ വേഗം ധാരണയിൽ എത്തി കെ-റീപ്പ് പദ്ധതി നടപ്പിലാക്കുന്നതിൽ അടിമുടി ദുരൂഹതയുണ്ടെന്ന് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെപിസിടിഎ) കണ്ണൂർ മേഖലാ കമ്മിറ്റി യോഗം ആരോപിച്ചു.
വിദ്യാർഥികളുടെ ആധാർ നമ്പർ അടക്കമുള്ള മുഴുവൻ ഡാറ്റയും എംകെസിഎലിന് നേരിട്ട് നൽകുന്ന വ്യവസ്ഥ അതീവ ഗൗരവമുള്ളതാണ്. നാല് വർഷ ബിരുദ പ്രവേശനം നേടിയ എല്ലാ വിദ്യാർഥികളിൽ നിന്നും100 രൂപവീതം ഈടാക്കുന്നതിൽ നിശ്ചിത ശതമാനം തുക എംകെസിഎലിനും അസാപ്പിനും ലഭിക്കും. അസാപ്പിന് ലഭിക്കുന്നത് നോക്കുകൂലിയാണെന്നും ആക്ഷേപമുണ്ട്. കേരളത്തിൽ ഈ പദ്ധതി ആദ്യം നടപ്പിലാക്കുന്നത് കണ്ണൂർ സർവകലാശാലയിലാണ് .
മഹാരാഷ്ട്രയിലുള്ള ഭൂരിഭാഗം സർവകലാശാലകളും എംകെസിഎലുമായി യാതൊരുവിധ ധാരണാപത്രത്തിലും ഒപ്പുവച്ചിട്ടില്ല എന്നിരിക്കെയാണ് കണ്ണൂർ സർവകലാശാല ഇതിനു തയാറായതെന്നതിൽ ദുരൂഹതയുണ്ട്.
പ്രസ്തുത പദ്ധതിയിൽ കണ്ണൂർ സർവകലാശാല വളരെ വേഗം പങ്കാളിയായത് അന്വേഷണ വിധേയമാകണമെന്നും കെപിസിടിഎ ആവശ്യപ്പെട്ടു. ഡോ. ഷിനോ പി. ജോസ് അധ്യക്ഷത വഹിച്ചു , ഡോ. പ്രേമചന്ദ്രൻ കീഴോത്ത് , ഡോ. പി. പ്രജിത , ഡോ.വി. പ്രകാശ് എന്നിവർ പ്രസംഗിച്ചു.