നായനാർമലയിലെ കരിങ്കൽ ക്വാറി നിരോധിക്കണം: കേരള കോൺഗ്രസ്
1450960
Friday, September 6, 2024 1:46 AM IST
പയ്യാവൂർ: സമുദ്രനിരപ്പിൽ നിന്ന് മൂവായിരം അടി ഉയരത്തിൽ പ്രദേശവാസികൾക്ക് അപകട ഭീഷണിയായി സ്ഥിതി ചെയ്യുന്ന ചെമ്പന്തൊട്ടി നായനാർ മലയിലെ കരിങ്കൽ ക്വാറിയുടെ അനുമതി പിൻവലിച്ച് പ്രവർത്തനം നിരോധിക്കാൻ ഉടൻതന്നെ നടപടിയുണ്ടാകണമെന്ന് കേരള കോൺഗ്രസ്.
പരിസ്ഥിതി സംരക്ഷിക്കാതെ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ പാറ പൊട്ടിച്ചെടുത്തതിനാൽ രണ്ടായിരം അടിയോളം ഉയരത്തിൽ കുത്തനെയുള്ള ബാക്കി ഭാഗത്തെ കല്ലും മണ്ണും ഏത് സമയത്തും ഇടിഞ്ഞു വീഴാമെന്ന അപകടാവസ്ഥയിലാണുള്ളതെന്ന് ശ്രീകണ്ഠപുരം മണ്ഡലം കമ്മിറ്റി യോഗം വിലയിരുത്തി. ക്വാറിയുടെ താഴെ ഭാഗത്തുള്ള രണ്ടായിരത്തോളം കുടുംബങ്ങൾക്ക് വൻ ഭീഷണിയാണിത്. ദുരന്തഭീഷണി നിലനിൽക്കുന്നതിനാൽ സ്വൈര്യ ജീവിതം നഷ്ടപ്പെട്ട പ്രദേശത്തെ ജനങ്ങളുടെ ഭീതിയകറ്റാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വർഗീസ് വയലാമണ്ണിൽ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയ് കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ജെയിംസ് പന്നിമാക്കൽ, കെ.ജെ. മത്തായി, ലിസ ടോമി, ജിമ്മി നെടിയകാലായിൽ, ടോമി വെട്ടിയ്ക്കൽ, ഷാജി പുന്നത്താനം എന്നിവർ പ്രസംഗിച്ചു.