ഇരിട്ടിയിൽ പുതുതായി 58 ബസ് റൂട്ടുകൾ അനുവദിക്കണം
1450953
Friday, September 6, 2024 1:46 AM IST
ഇരിട്ടി: പേരാവൂർ മണ്ഡലത്തിൽ 58 പുതിയ ബസ് റൂട്ടുകൾ അനുവദിക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികൾ. യാത്രാക്ലേശം പരിഹരിക്കുന്നതിന് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ സംഘടിപ്പിച്ച നിയോജക മണ്ഡലം ജനകീയ സദസിലാണ് ഈ ആവശ്യം ഉന്നയിച്ചത്. അനുവദിച്ചു റൂട്ടിൽ പോലും ബസ് ഓടിക്കാൻ തയാറാകുന്നില്ലെന്ന പരാതിയും വ്യാപകമായിരുന്നു. മലയോര ഹൈവേ വഴി കൂടുതൽ ബസ് റൂട്ടുകൾ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. മേഖലയിൽ കോവിഡിന് മുൻപ് 230 ബസുകൾ സർവീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 160 ആയി ചുരുങ്ങിയതോടെയാണ് യാത്ര ക്ലേശം രൂക്ഷമായത്.
യോഗം സണ്ണിജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും തങ്ങളുടെ മേഖലയിലെ ഗതാഗത പ്രശ്നങ്ങൾ നേരത്തെ തന്നെ രേഖാമൂലം എഴുതി നില്കിയിരുന്നു.
ജനകീയ സദസിൽ ലഭിച്ച പരാതികളിൽ വിശദമായ പഠനത്തിന് ശേഷം മോട്ടോർ വാഹന വകുപ്പ് തീരുമാനമെടുക്കും.
പുതിയ റൂട്ടുകൾ അനുവദിക്കുമ്പോൾ നിലവിലുള്ള റൂട്ടുകളുടെ സംരക്ഷണ ഉറപ്പാക്കണമെന്നും ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഇരിട്ടി നഗരസഭാ ചെയർ പേഴ്സൺ കെ. ശ്രീലത, ഇരിട്ടിബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ടി. അനീഷ് (കേളകം), ടി. ബിന്ദു( മുഴക്കുന്ന്), പി. രജനി (പായം), കെ.പി. രാജേഷ് ( ആറളം), കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ( അയ്യൻകുന്ന്), ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ടൈറ്റസ് ബെന്നി , അജയൻ പായം, സെന്റ് ജൂഡ് ബാബു, ജനപ്രതിനിധികളായ ബിജു വെങ്ങരപ്പളളി, ഐസക് ജോസഫ്, മിനി വിശ്വനാഥൻ, മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർടിഒ ബി. സാജു, ഇരിട്ടി ആർടിഒ ടി. വൈകുണ്ഠൻ, എഎംവി ഐ ഷനിൽകുമാർ എന്നിവർ പ്രസംഗിച്ചു.