ആർദ്ര കേരളം പുരസ്കാരം : സംസ്ഥാനതലത്തിൽ രണ്ടാമതായി കണ്ണൂർ ജില്ലാ പഞ്ചായത്ത്
1444387
Tuesday, August 13, 2024 1:48 AM IST
കണ്ണൂർ: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള 2022-23 ലെ ആർദ്ര കേരളം പുരസ്കാരത്തിൽ മികച്ച നേട്ടവുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്.
ജില്ലാ പഞ്ചായത്തുകളുടെ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനമാണ് കണ്ണൂർ നേടിയത്. അഞ്ചുലക്ഷം രൂപയാണ് സമ്മാന തുക. ജില്ലാതലത്തിൽ പഞ്ചായത്ത് വിഭാഗത്തിൽ കതിരൂർ പഞ്ചായത്ത് ഒന്നാംസ്ഥാനം കരസ്ഥമാക്കി. രണ്ടാംസ്ഥാനം കോട്ടയം പഞ്ചായത്തും (മൂന്നു ലക്ഷം) മൂന്നാം സ്ഥാനം അഞ്ചരക്കണ്ടി പഞ്ചായത്തും (രണ്ടു ലക്ഷം) നേടി.
ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യ പദ്ധതി നടത്തിപ്പ് സംബന്ധിച്ച പ്രവർത്തനത്തിനാണ് അവാർഡ്.
കണ്ണൂർ ജില്ലാ പഞ്ചായത്തിന് ലഭിക്കുന്ന നാലാമത്തെ സംസ്ഥാന പുരസ്കാരമാണിത്. ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി, ഏറ്റവും മികച്ച വയോജന പദ്ധതി നടപ്പിലാക്കിയതിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം, ഭിന്നശേഷി മേഖേലയിൽ ഏറ്റവും മികച്ച പദ്ധതി നടപ്പിലാക്കിയതിന് സാമൂഹ്യനീതി വകുപ്പിന്റെ സംസ്ഥാനതല പുരസ്കാരം എന്നിവയാണ് ഇതിനു മുമ്പ് കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്വന്തമാക്കിയത്.