മനോധൈര്യം കൊണ്ടു ജീവിതം തിരികെ പിടിച്ച നളിനാക്ഷൻ കുവൈറ്റിൽനിന്ന് നാട്ടിലെത്തി
1444149
Monday, August 12, 2024 1:03 AM IST
തൃക്കരിപ്പൂർ: കുവൈറ്റിലെ തീപിടിത്തത്തിൽ കറുത്ത പുക ശ്വാസം മുട്ടിച്ച ഫ്ലാറ്റിൽനിന്നും നിശ്ചയദാർഢ്യം കൊണ്ട് മാത്രം ജീവിതം തിരികെപിടിച്ച തൃക്കരിപ്പൂർ ഒളവറ സ്വദേശി ടി.വി.നളിനാക്ഷൻ ചികിത്സക്കു ശേഷം നാട്ടിലെത്തി. വാരിയെല്ലിനും നട്ടെല്ലിനും ക്ഷതമേറ്റ നളിനാക്ഷൻ ഇന്നലെ വൈകുന്നേരമാണ് ഒളവറയിലെ വീട്ടിലെത്തിയത്. ജൂൺ 12നു പുലർച്ചെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽനിന്ന് രക്ഷപ്പെടാൻ മൂന്നാമത്തെ നിലയിൽനിന്നു താഴത്തെ നിലയിലെ ജലസംഭരണിയിലേക്ക് എടുത്തുചാടിയ സാമൂഹ്യ പ്രവർത്തകനായ നളിനാക്ഷൻ ഗുരുതരമായി പരിക്കേറ്റ് രണ്ടു മാസമായി കുവൈറ്റിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കുവൈറ്റിൽ സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരനായ നളിനാക്ഷൻ 20 വർഷത്തോളമായി ഗൾഫിൽ തൊഴിലെടുക്കുകയാണ്. നാട്ടിലും പ്രവാസലോകത്തും സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഇദ്ദേഹം. ഇന്നലെ വൈകുന്നേരം മൂന്നരയോടെ ഭാര്യ ബിന്ദുവുമൊത്ത് കൊച്ചിയിൽ വിമാനമിറങ്ങി വന്ദേഭാരത് ട്രെയിനിലാണ് കണ്ണൂരിലെത്തിയത്. തുടർന്ന് പറശിനിക്കടവിൽ മുത്തപ്പൻ ക്ഷേത്രദർശത്തിന് ശേഷമാണ് ഒളവറ ഗ്രന്ഥാലയത്തിന് സമീപത്തെ തറവാട് വീട്ടിലെത്തിയത്.
നാട്ടിലെത്തിയതിന്റെ സന്തോഷം പ്രകടിപ്പിക്കുമ്പോഴും ദുരന്തമുണ്ടാകും മുമ്പ് ഒരേ കെട്ടിടത്തിൽ താമസിച്ച് ഒരു മേശക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിച്ചവർ, ഒരുമിച്ച് കഴിഞ്ഞവർ പലരും നഷ്ടപ്പെട്ട ഓർമകൾ നളിനാക്ഷനിൽ ഇപ്പോഴും ഞെട്ടലുണ്ടാക്കുന്നു.
ഞങ്ങൾ പ്രവർത്തിച്ചു വന്ന കമ്പനിയുടെ പിന്തുണയും കരുതലുമാണ് ആശുപത്രിയിലും നാട്ടിൽ തിരിച്ചെത്തുന്നതുവരെ എടുത്തു പറയാനുള്ളതെന്ന് നളിനാക്ഷൻ പറഞ്ഞു. ദുരന്തം നടന്നിട്ട് രണ്ടുമാസം തികയുന്ന വേളയിലും തങ്ങൾ ജോലി ചെയ്തുവന്ന എൻബിടിസി കമ്പനി മാനേജിംഗ് ഡയറക്ടർ കെ.ജി.ഏബ്രഹാം, ജനറൽ മാനേജർ മനോജ് നന്ത്യാലത്ത്, അസി. മാനേജർ റെനീഷ്, കലേഷ്, നഴ്സ് അജീഷ് തുടങ്ങി എല്ലാവരും തങ്ങൾക്ക് കരുത്തും ആശ്വാസവുമായി കൂടെനിന്നത് വേഗത്തിൽ സുഖമായി നാട്ടിലെത്താൻ വഴിയൊരുക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദിവസം 3000 രൂപയോളം ആശുപത്രിചെലവ് വരുന്ന ചികിത്സ കമ്പനി വഹിക്കുകയും നാട്ടിലെത്താനുള്ള എല്ലാ സൗകര്യവും ഒരുക്കിയതായും നളിനാക്ഷൻ പറഞ്ഞു.
ഈ വർഷം മാർച്ച് 31നാണ് നാട്ടിൽനിന്നും കുവൈറ്റിലെത്തിയത്. സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമെ ബ്ലഡ് ഡോണേഴ്സ് കേരളയുടെ കുവൈറ്റ് കോ-ഓർഡിനേറ്ററുമാണ്.
കാസർഗോഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ മുൻ ജില്ലാ ജനറൽ സെക്രട്ടറി, ഓർഗനൈസിംഗ് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തുടങ്ങിയ ഭാരവാഹിത്വങ്ങളും വഹിച്ചിരുന്നു.പരിക്കേറ്റ് കുവൈറ്റിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഭാര്യയും മകൻ ആദർശും കുവൈറ്റിലെത്തിയിരുന്നു.