സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി വിദഗ്ധ സംഘം സന്ദർശനം നടത്തി
1442383
Tuesday, August 6, 2024 1:44 AM IST
കണ്ണൂർ: സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി (കെഎസ്ഡിഎംഎ) യുടെ വിദഗ്ധ സംഘം കഴിഞ്ഞദിവസങ്ങളിൽ കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തിലെ സ്ഥലങ്ങളും, തലശേരി താലൂക്കിലെ മാങ്ങാട്ടിടം പഞ്ചായത്തിലെ മഴക്കെടുതി ബാധിത പ്രദേശങ്ങളും ക്വാറികളും സന്ദർശിച്ചു.
എഡിഎം കെ. നവീൻ ബാബുവിന്റെ നേതൃത്വത്തിൽ കെഎസ്ഡിഎംഎ ഹസാർഡ് ആൻഡ് റിസ്ക് അനലിസ്റ്റ് ജി.എസ്. പ്രദീപ്, സീനിയർ കൺസൽട്ടന്റ് ഡോ. എച്ച്. വിജിത്ത് എന്നിവരാണ് സന്ദർശനം നടത്തിയത്. പഞ്ചായത്തിലെ വട്ടിപ്രം പ്രദേശത്തെ പ്രവർത്തന രഹിതമായ ക്വാറികൾ സംഘം സന്ദർശിച്ചു. ക്വാറിയിൽ നിന്ന് അതിശക്തമായ വെള്ളം ഒഴുകിയതിനെ തുടർന്ന് നാശനഷ്ടമുണ്ടായ വീടുകളിലെത്തി ഉടമകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. രാവിലെ എത്തിയ സംഘം മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ, പ്രദേശവാസികൾ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി ചർച്ച നടത്തി.
ഞായറാഴ്ചയാണ് സംഘം ജില്ലയിൽ എത്തിയത്. ആദ്യ ദിവസം തലശേരി താലൂക്കിലെ കോളയാട് പഞ്ചായത്ത്, ഇരിട്ടി താലൂക്കിൽ കണിച്ചാർ പഞ്ചായത്തിലെ നെടുംപൊയിൽ മാനന്തവാടി ചുരം റോഡ്, കേളകം പഞ്ചായത്തിലെ റോഡുകൾക്കും വീടുകൾക്കും വിള്ളൽ വീണ കൈലാസംപടി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. പരിശോധനയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ വിശദമായ റിപ്പോർട്ട് മൂന്ന് ആഴ്ചയ്ക്കകം ഡിഡി എംഎ ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർക്ക് സമർപ്പിക്കുമെന്ന് സംഘം അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ (ഡിഡിഎംഎ) ആവശ്യപ്രകാരമാണ് വിദഗ്ധ സംഘം എത്തിയത്.
തിങ്കളാഴ്ച സംഘത്തിനൊപ്പം വട്ടിപ്രം വാർഡംഗം എം. റോജ, തഹസിൽദാർ സി.പി. മണി, ഡപ്യൂട്ടി തഹസിൽദാർമാർ സി.വി. അഖിലേഷ്, വി. രാജേഷ്, വില്ലേജ് ഓഫീസർ സി. രാജീവൻ, ഹസാർഡ് അനലിസ്റ്റ് എസ് ഐശ്വര്യ, ഡിഎം പ്ലാൻ കോ-ഓർഡിനേറ്റർ തസ്ലിം ഫാസിൽ എന്നിവരും ഉണ്ടായിരുന്നു.
ഇരിട്ടി തഹസിൽദാർ ലാലിമോൾ, ഡപ്യൂട്ടി തഹസിൽദാർ സിജോയി കെ പോൾ, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, വാർഡ് അംഗം ഷോജറ്റ് ചന്ദ്രൻകുന്നേൽ, കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, വാർഡ് അംഗങ്ങളായ സജീവൻ പാലുമ്മി, ഷിജി സുരേന്ദ്രൻ, പ്രദേശവാസികൾ എന്നിവരുമായും വിദഗ്ധ സംഘം ചർച്ചകൾ നടത്തി.