ട്രോളിംഗ് നിരോധനം തീർന്നിട്ടും വറുതിയൊഴിയാതെ തീരദേശം
1441968
Sunday, August 4, 2024 7:51 AM IST
കണ്ണൂർ: അൻപത്തിരണ്ടു ദിവസം നീണ്ടു നിന്ന് ട്രോളിംഗ് നിരോധകാലം കഴിഞ്ഞിട്ടും തീരമേഖല സജീവമായില്ല. ജൂൺ ഒൻപതിന് അർധരാത്രി 12 മുതൽ ജൂലൈ 31 അർധരാത്രിവരെയായിരുന്നു ട്രോളിംഗ് നിരോധനം.
ട്രോളിംഗ് നിരോധനം കഴിഞ്ഞുള്ള ആദ്യ മണിക്കൂറുകളിൽ തന്നെ മത്സ്യബന്ധന മേഖല മുൻ വർഷങ്ങളിൽ സജീവമാകാറുണ്ടായിരുന്നു. എന്നാൽ, ഇക്കുറിയുണ്ടായ കനത്ത മഴയും കാറ്റും പ്രക്ഷുബ്ധമായ കടലും മത്സ്യബന്ധനത്തിന് പ്രതികൂലമായി.
ശക്തമായ കാറ്റിന്റെ സാധ്യകൾ ചൂണ്ടിക്കാട്ടി മത്സ്യബന്ധനത്തിന് കടലിൽ പോകരുതെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പും നൽകിയിരുന്നു. ട്രോളിംഗ് നിരോധനം കഴിഞ്ഞ മൂന്നു ദിവസങ്ങളാകുന്പോഴും കണ്ണൂരിൽ ഭൂരിപക്ഷം ബോട്ടുകളുൾപ്പെടെയുള്ള മത്സ്യബന്ധനയാനങ്ങൾ കരയിൽ വിശ്രമം തുടരുകയാണ്. ശക്തമായ മഴയും കാറ്റും ശമിക്കുന്നതുവരെ മത്സ്യ തൊഴിലാളികൾ കാത്തിരിക്കേണ്ടി വരും.